പീച്ചി ദുരന്തം: മരണം മൂന്നായി
Wednesday, January 15, 2025 2:22 AM IST
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥിനികൂടി മരിച്ചു. പട്ടിക്കാട് മെട്രോ നഗറിൽ മുരിങ്ങത്തുപറന്പിൽ ബിനോജ് - ജൂലി ദന്പതികളുടെ മകൾ എറിനാണ് (16) മരിച്ചത്. തൃശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. ഇതോടെ പീച്ചി ദുരന്തത്തിൽ മരണം മൂന്നായി.
റിസർവോയറിൽ വീണ പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദന്പതികളുടെ മകൾ അലീന (16), പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദന്പതികളുടെ മകൾ ആൻ ഗ്രേസ് (16) എന്നിവർ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. പീച്ചി സ്വദേശിനി നിമ(13) ഗുരുതരാവസ്ഥ തരണംചെയ്തെങ്കിലും ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷത്തിനെത്തിയ സഹപാഠികളാണു പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്തെ റിസർവോയറിൽ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലെയേഴ്സ് കോണ്‍വന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്.