സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നു സിപിഐ
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: വനം നിയമ ഭേദഗതി പ്രതിപക്ഷവും ചില സംഘടനകളും സർക്കാരിനെതിരേ ആയുധമാക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ഒരു പുനരാലോചന നടത്തണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.
ഇടതുമുന്നണിയിലെ പാർട്ടികൾ തന്നെ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ വനം നിയമ ഭേദഗതിയുമായി മുന്നോട്ടുപോകുന്നതു രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.
വൈകുന്നേരത്തോടെ വനം നിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയും ചെയ്തു.
പാർട്ടി സമ്മേളനങ്ങളെ സംബന്ധിച്ചായിരുന്നു എക്സിക്യൂട്ടീവ് പ്രധാനമായും പരിശോധിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ വിഭാഗീയ പ്രവർത്തനങ്ങളോ മറ്റു തർക്കങ്ങളോ ഉണ്ടാകാൻ പാടില്ലെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ സർക്കുലർ നിർബന്ധമായും പാലിക്കണമെന്നു ജില്ലാ സെക്രട്ടറിമാർക്കു എക്സിക്യൂട്ടീവ് നിർദേശം നൽകി. നവീകരിച്ച എം.എൻ.സ്മാരകത്തിലെ ആദ്യത്തെ യോഗമാണ് ഇന്നലെ നടന്നത്.