വിദ്യാഭ്യാസ രംഗത്ത് രാജഗിരിയുടെ ഇടപെടൽ മാതൃകാപരം: മുഖ്യമന്ത്രി
Wednesday, January 15, 2025 2:22 AM IST
കൊച്ചി: വിദ്യാഭ്യാസരംഗത്ത് രാജഗിരി സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങള്‍ ഈ രംഗത്തെ മാതൃകാപരമായ ഇടപെടലുകൾ വ്യക്തമാക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റ് (ഐസിഎസ്ഡി) സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിയുടെയും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ‘ദ്യുതി’ അന്തര്‍ദേശീയ സമ്മേളനത്തിന്റെ രജതജൂബിലിയുടേയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹിക നവോഥാനത്തില്‍ ചാവറയച്ചന് നല്കിയ സംഭാവന പ്രധാനമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാലോചിതമായ മാറ്റത്തിനു സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതിനായുള്ള സംരംഭങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് അവസരങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന സ്ഥാപനങ്ങളുടെ മുന്‍നിരയില്‍ രാജഗിരി എന്നുമുണ്ട്. കേരളത്തില്‍ നിലവില്‍ നല്ലൊരു സംരംഭക അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഇത് നമ്മുടെ യുവജനങ്ങള്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഐ കളമശേരി സേക്രഡ് ഹാര്‍ട്ട് പ്രോവിന്ഷ്യൽ സുപ്പീരിയറും മാനേജറുമായ ഫാ. ബെന്നി നല്ക്കര അധ്യക്ഷത വഹിച്ചു. ഐസിഎസ്ഡി പ്രസിഡന്റ് പ്രഫ. മനോഹര്‍ പവാര്‍, വേണു രാജാമണി, കോളജ് പ്രിൻസിപ്പൽ റവ. ഡോ. എം.ഡി. സാജു എന്നിവര്‍ പ്രസംഗിച്ചു. എട്ടിന് കാക്കനാട് രാജഗിരി വാലി കാമ്പസില്‍ തുടങ്ങിയ ‘ദ്യുതി’ ഇന്നലെ സമാപിച്ചു.
സാമൂഹിക പ്രവര്‍ത്തനത്തിലെയും സാമൂഹിക വികസനത്തിലെയും നൂതന രീതികളും സുസ്ഥിര മാറ്റത്തിനായുള്ള ആഗോള സമൂഹത്തിന്റെ ഏകീകരണവും എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഐസിഎസ്ഡിയുടെ സഹകരണത്തിലാണു സംഘടിപ്പിച്ചത്. സാമൂഹിക പ്രവര്‍ത്തന-വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.