കേസ് വീണ്ടും മാറ്റി; അബ്ദുറഹീമിന്റെ ജയില്‍മോചനം ഇനിയും നീളും
Thursday, January 16, 2025 2:33 AM IST
കോഴിക്കോട്: 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനം ഇനിയും നീളും. ഇന്നലെ കേസ് പരിഗണിച്ച കോടതി കേസ് വീണ്ടും മാറ്റിവച്ചു. അടുത്ത സിറ്റിംഗ് പിന്നീട് പ്രഖ്യാപിക്കും.
ഇന്നലെ സൗദി സമയം രാവിലെ എട്ടിന് ആരംഭിച്ച കോടതി നടപടികള്‍ ഒരു മണിക്കൂറിലേറെ നീണ്ടു. ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹിമും അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടിയുമായി കോടതി നടപടികള്‍ നീണ്ടു. അന്തിമവിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
കേസ് സൂക്ഷ്മപരിശോധനയ്ക്കും കൂടുതല്‍ പഠനത്തിനുമായി മാറ്റിവയ്ക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.
പതിനഞ്ചുകാരനായ സൗദി പൗരന് ഫായിസ് അബ്ദുള്ള അബ്ദുറഹ്മാന് അല്‍ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹിം ജയിലില്‍ കഴിയുന്നത്.
ദയാധനം സ്വീകരിച്ചതിനുശേഷം സൗദി കുടുംബം മാപ്പുനല്കാന് തയാറാണെന്നു റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. 34 കോടിയാണു ദയാധനമായി നല്‍കിയത്.