കാർഷിക സർവകലാശാല പ്രവർത്തന പരിഷ്കരണം: വിദഗ്ധ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
Thursday, January 16, 2025 12:40 AM IST
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയെ ആധുനികീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ. ഇ. ബാലഗുരുസ്വാമി കമ്മീഷൻ റിപ്പോർട്ട് കൃഷി മന്ത്രി പി. പ്രസാദിന് സമർപ്പിച്ചു.
ഭരണനിർവഹണം, ഗവേഷണം, വിജ്ഞാന വ്യാപനം, വിദ്യാഭ്യാസം, ഡിജിറ്റൽ ലൈബ്രറി, ധനകാര്യം, വിദ്യർഥി ക്ഷേമം തുടങ്ങിയ മേഖലകളിൽ പഠനം നടത്തിയാണ് കമ്മീഷൻ ശിപാർശ സമർപ്പിച്ചത്.
സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, നൂതനമായ കോഴ്സുകൾ ആരംഭിക്കുക, ഐസിഎആർ മോഡൽ ആക്ടിന് അനുസൃതമായി കാർഷിക സർവകലാശാലയുടെ ആക്ടിൽ ഭേദഗതി വരുത്തുക, രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം ഫലപ്രദമായി നടത്തുക, അഫിലിയേറ്റഡ് കോളജുകൾ ആരംഭിക്കുക, വരുമാന വർധനവിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ വിഷയങ്ങൾ ശിപാർശകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻകേരള കാർഷിക സർവകലാശാല വൈസ്ചാൻസലർ ഡോ. പി. രാജേന്ദ്രൻ, മുൻ കേരള കാർഷിക സർവകലവാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. പി.വി. ബാലചന്ദ്രൻ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് എന്നിവർ അംഗങ്ങളും മുൻ കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. കെ. അരവിന്ദാക്ഷൻ, മുൻ തമിഴ്നാട് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. രാമസ്വാമി എന്നിവർ പ്രത്യേക ക്ഷണിതാക്കളുമായിരുന്നു.