കൊച്ചി: കുവൈറ്റില്‍നിന്ന് നാടുകടത്തിയതിനെത്തുടര്‍ന്ന് കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നു ഹൈക്കോടതി.
ലാമയുടെ മകന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രനും എം.ബി. സ്നേഹലതയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണു കോടതി നിര്‍ദേശം.
ബംഗളൂരുവില്‍ താമസക്കാരനായ സൂരജ് ലാമ ഈമാസം അഞ്ചിനു പുലര്‍ച്ചെ 2.15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയിലാണ് ലാമ കൊച്ചിയിലിറങ്ങിയത്.
ബന്ധുക്കളെ വിവരം അറിയിക്കാതെ സൂരജ് ലാമയെ കുവൈറ്റില്‍നിന്നു കൊച്ചിയിലേക്ക് നാടുകടത്തിയെന്നും തുടര്‍ന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ തൃക്കാക്കര പോലീസ് പിന്നീട് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെനിന്നു കാണാതായ ശേഷം ഇതുവരെ കണ്ടുകിട്ടിയില്ലെന്നാണ് മകന്റെ ഹര്‍ജിയില്‍ പറയുന്നത്.
Tags : Suraj Lama High Court