ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ അപകടത്തിനു കാരണമായ ബൈക്ക് ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. അപകടമുണ്ടാകുന്നതിനു മുന്‍പ് ഇയാള്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവാണെന്ന് അന്വേഷണസംഘം പറയുന്നു.
ഇരുവരും ഒരു പെട്രോൾപന്പിൽ എത്തിയപ്പോള്‍ ലഭിച്ച ദൃശ്യങ്ങളാണ് നിർണായകമായത്. അപകടസമയം ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്.
ബൈക്കിന്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതുൾപ്പെടെ ഇതിൽ വ്യക്തമാണ്. തുടർന്നും യാത്രതുടർന്ന ഇയാളുടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുംചെയ്തുവെന്നാണ് നിഗമനം. കര്‍ണൂലിലെ ഉള്ളിന്ദാകൊണ്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സ് കമ്പനിയുടെ സ്ലീപ്പര്‍ ബസ് അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഓടിരക്ഷപ്പെട്ടതായും പോലീസ് കണ്ടെത്തി. യാത്രക്കാർ ഇറങ്ങുന്ന വാതിലിലൂടെ ഇറങ്ങി ഇയാൾ സ്ഥലംവിടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശ്രമിക്കാതെ കടന്നുകളഞ്ഞ ബസ് ഡ്രൈവർ മിരിയാല ലക്ഷ്മയ്യയും സഹായിയും പോലീസ് കസ്റ്റഡിയിലാണ്.
ബസില്‍ 234 സ്മാര്‍ട്ട്ഫോണുകളടങ്ങിയ ലഗേജും ഉണ്ടാ യിരുന്നതായാണ് വിവരം. 46 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ഫോണുകള്‍ ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലെ ഗോഡൗണിലേക്ക് അയച്ചതായിരുന്നു.
ബസിന് തീപിടിച്ചതോടെ മൊബൈല്‍ഫോണുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഫോണുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന് ആക്കംകൂട്ടിയിട്ടുണ്ടാകാമെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനൊപ്പം ബസിലെ എസി സംവിധാനത്തിലെ ബാറ്ററികളും പൊട്ടിത്തെറിച്ചതായും ഇതും തീപടരാന് ഇടയാക്കിയെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Tags : Kurnool bus accident