തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി ബന്ധപ്പെട്ടുള്ള ഏത് സംഭവങ്ങളും പിണറായി വിജയൻ സർക്കാരിന് പരമരഹസ്യമാണ്. ഇതു സംബന്ധിച്ച ഒരു വിവരവും മാധ്യമങ്ങൾക്കോ ജനങ്ങൾക്കോ നൽകാറില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലം മുതൽ പ്രധാന ഘടകകക്ഷിയായ സിപിഐക്കും ഇതേ അവസ്ഥയാണ്.
കേന്ദ്രവുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതി മാത്രമല്ല, ആർഎസ്എസ്- സിപിഎം രഹസ്യ ബന്ധമെന്ന് ആരോപണമുയർന്ന തൃശൂർ പൂരം കലക്കൽ റിപ്പോർട്ടും സിപിഐ നിരന്തരം ആവശ്യപ്പെട്ടിട്ടും മന്ത്രിസഭയിൽ ഇതുവരെ വച്ചിട്ടില്ല.
കഴിഞ്ഞ വർഷം നടന്ന തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികളുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനു പല ഘട്ടങ്ങളിലായി ലഭിച്ചിട്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരാതെ സിപിഐയെ ഇപ്പോഴും ഇരുട്ടിൽ നിർത്തുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിടരുതെന്ന് സിപിഐ മന്ത്രിമാർ അവസാനമായി പ്രതിഷേധമുയർത്തിയത് ഒക്ടോബർ 22നു നടന്ന മന്ത്രിസഭായോഗത്തിലാണ്.
സിപിഐ മന്ത്രിമാരുടെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയും ഒന്നും മിണ്ടാതിരുന്നു. അതിന് ഒരാഴ്ച മുൻപ് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേന്ദ്ര സർക്കാരുമായി കേരളം ഒപ്പിട്ട കാര്യം അപ്പോഴും മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും അറിയിച്ചില്ല. പിന്നീട് പുറത്തുവന്ന രേഖകൾ കണ്ടാണ് കഴിഞ്ഞ 16ന് പിഎം ശ്രീ പദ്ധതിയിൽ കേരളവും കേന്ദ്ര സർക്കാരും ഒപ്പുവച്ചെന്ന വിവരം മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഒപ്പം സിപിഐ മന്ത്രിമാരും അറിയുന്നത്. മറ്റു സിപിഎം മന്ത്രിമാരോ ഘടകകക്ഷി മന്ത്രിമാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരെയും കണ്ടതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥ സംഘം ഡൽഹിയിലെത്തി രഹസ്യമായി പിഎം ശ്രീയിൽ ഒപ്പുവച്ചത്. ഇതിലെ ഡീലാണ് ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പം സിപിഐയും ചോദ്യം ചെയ്യുന്നത്.
സിപിഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭാംഗവുമായ വി.എസ്. സുനിൽകുമാർ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്ന സാഹചര്യമുണ്ടായത്.
തൃശൂർ പൂരം അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജൻ പൂരത്തിന്റെ ചുമതലക്കാരനായ എഡിജിപി എം.ആർ. അജിത്കുമാറിനെ അറിയിക്കാൻ ശ്രമിച്ചിട്ട് മന്ത്രിയുടെ ഫോണ്പോലും എഡിജിപി എടുക്കാത്ത സാഹചര്യമുണ്ടായി. എന്നിട്ടും എഡിജിപി അജിത്തിനെ സംരക്ഷിക്കുന്ന സമീപനം സർക്കാരിൽനിന്നുണ്ടായി. ഒടുവിൽ കടുത്ത സമ്മർദമുണ്ടായതിനു പിന്നാലെയാണ് എഡിജിപിയെ സ്ഥലംമാറ്റിയത്.
തൃശൂർ പൂരം കലക്കാൻ ഉന്നതതല ഗൂഢാലോചന നടന്നതായി സിപിഐ നേതാക്കൾ പരാതിപ്പെട്ടിരുന്നു.
ഗൂഢാലോചനയിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. സിപിഎം- ആർഎസ്എസ് ഗൂഢാലോചനയുടെ ഫലമാണ് തൃശൂർ പൂരം കലക്കലെന്ന് പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു. എന്നാൽ, അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല.