ഫോർട്ട്കൊച്ചി: കൊച്ചി രൂപത ബിഷപ്പായി മോൺ. ആന്റണി കാട്ടിപ്പറമ്പിലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. രൂപതയുടെ ജുഡീഷല്‍ വികാരിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് 55കാരനായ മോൺ. കാട്ടിപ്പറമ്പിലിന്റെ പുതിയ നിയമനം. കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് 2024 മാര്‍ച്ച് രണ്ടിന് സ്ഥാനമൊഴിഞ്ഞ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ പിൻഗാമിയായാണു നിയമനം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഫോർട്ട്കൊച്ചിയിലെ ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത അഡ്മിനിസ്ട്രേറ്ററും ആലപ്പുഴ ബിഷപ്പുമായ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിൽ നിയമനപ്രഖ്യാപനം നടത്തി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുന്‍ ബിഷപ് ഡോ. ജോസഫ് കരിയിലും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിൽ, രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു പര്യാത്തുശേരി, ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമായ മോൺ. ആന്റണി കാട്ടിപ്പറമ്പിൽ പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴു മക്കളില്‍ ഇളയവനായി 1970 ഒക്ടോബര്‍ 14ന് ജനിച്ചു. 1998 ഓഗസ്റ്റ് 15ന് പൗരോഹിത്യം സ്വീകരിച്ചു.
രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തതിനുപുറമെ ഇറ്റലിയിലും പ്രവർത്തിച്ചു. 2016 മുതല്‍ രൂപത ജുഡീഷല്‍ വികാരിയാണ്. സിനഡിനായുള്ള രൂപത കോണ്ടാക്ട് പേഴ്സണ്‍, എപ്പിസ്കോപ്പല്‍ വികാരി, കുമ്പളം പള്ളി വികാരി എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
2024 ഒക്ടോബര്‍ 12 മുതൽ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിലായിരുന്നു രൂപതയുടെ അഡ്മിനിസ്ട്രേറ്റർ. 1557ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനും നാലാമത്തെ തദ്ദേശീയ മെത്രാനുമാണ് മോൺ. ആന്റണി കാട്ടിപ്പറമ്പിൽ.
Tags : Mon. Antony Bishop Kochi Antony Kattiparambil