ന്യൂഡൽഹി: രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ചു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുക.
കഴിഞ്ഞ 17ന് കേസ് പരിഗണിക്കവേ, രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ജുഡീഷൽ രേഖകളിൽ കൃത്രിമം കാണിച്ചും ഡിജിറ്റൽ അറസ്റ്റുകളിലൂടെയും തട്ടിപ്പ് നടത്തുന്ന ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ നടപടികൾ വേണമെന്നു നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പോലീസ് സേനകളിലെ ഏകോപനത്തിലൂടെയാണ് നടപടികളുണ്ടാകേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സിബിഐയുടെയും കേന്ദ്രത്തിന്റെയും പ്രതികരണവും കോടതി തേടിയിരുന്നു.
കോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഹരിയാന സ്വദേശികളായ വൃദ്ധദന്പതികളിൽനിന്ന് 1.05 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. ദന്പതികളിൽ ഒരാൾ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെത്തുടർന്നാണു വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
Tags : Digital arrest fraud Case