കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ സിപിഐ നേതാക്കള്‍ ഇന്ന് കോഴിക്കോട്ട്.
ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ്കുമാര്‍ എംപി തുടങ്ങിയ നേതാക്കളാണ് സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്നത്.
ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്യാതെ വി. ശിവന്‍കുട്ടി നേതൃത്വം നല്കുന്ന വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിനെതിരേ സിപിഐ പ്രതിഷേധത്തിലാണ്. സിപിഐയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് വിശ്വം അതിനുശേഷമുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.
നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ഇതെന്തു സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം വിമര്‍ശിച്ച ബിനോയ് വിശ്വം പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തലയില്‍ മുണ്ടിട്ടാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി കരാര്‍ ഒപ്പിട്ടതെന്ന് പി. സന്തോഷ് കുമാറും വിമര്‍ശിച്ചിരുന്നു.
ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കഴിഞ്ഞാല്‍ നേതാക്കള്‍ നേരേ ആലപ്പുഴയിലേക്കായിരിക്കും പോകുക. സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, പി.പി. സുനീര്‍ എംപി, മന്ത്രി കെ. രാജന്, അഡ്വ. പി. വസന്തം തുടങ്ങിയ നേതാക്കളും ഇന്നത്തെ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്.
Tags : Binoy Vishwam PM shri CPI CPM