സമകാലിക കലാവബോധത്തിൽ, പാരിസ്ഥിതിക മുൻഗണനകൾ അടയാളപ്പെടുന്നതിന്റെ രേഖയായിരുന്നു കോഴിക്കോട് ലളിതകലാ അക്കാഡമി ഹാളിൽ നടന്ന "നോട്ടം' പെയിന്റിംഗ് എക്സിബിഷൻ. പ്രകൃതിയുടെ സൂഷ്മസംഗീതം വരകളിലേക്കും വർണങ്ങളിലേക്കും പകർത്തിയ ചിത്രമെഴുത്തുകൾ, മനുഷ്യന്റെ മഹായാനങ്ങളെ അനുഭവങ്ങളിലേക്കു തുറക്കുന്നതായിരുന്നു.
ആർട്ട് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ കേരള എന്ന സംഘടനയുടെ പ്രദർശനത്തിൽ മുപ്പത്തഞ്ചോളം കലാകാരന്മാരുടെ സൃഷ്ടികളെയാണ് അവതരിപ്പിച്ചത്. കാട്ടൂർ നാരായണപിള്ള, ബി.ഡി. ദത്തൻ തുടങ്ങിയ മുതിർന്ന ആർട്ടിസ്റ്റുകൾ മുതൽ ഷീജ പള്ളം, സുനിൽ ജോസ് വരെയുള്ള പുതുതലമുറക്കാരും ഉൾക്കൊള്ളുന്നതായിരുന്നു പ്രദർശനം.
പരിസ്ഥിതി സഹവാസ ക്യാന്പിൽ പിറന്ന ചിത്രങ്ങൾ
പരിസ്ഥിതി സഹവാസ ക്യാമ്പിൽ രണ്ടു ദിവസങ്ങളിലായി ചെയ്ത രചനകളാണ് പ്രദർശനത്തിനുള്ളത്. സ്വതന്ത്ര രചനകളും ഗാലറിയിൽ ഉണ്ടായിരുന്നു. അമൂർത്തത എന്ന ഘടകം സാഹിത്യത്തിൽ എന്നതുപോലെ ചിത്രകലയിലും അംഗീകരിക്കാനും ആസ്വദിക്കാനും പക്വത നേടിയ സമൂഹം തന്നെയാണ് കേരളം എന്നത് കണക്കിലെടുത്തുള്ള രചനകൾക്ക് പ്രദർശനത്തിൽ ഇടം നൽകി.
അതേസമയം, സാപേക്ഷവും പ്രതിബദ്ധവുമായ അമൂർത്തതയാണ് ചിത്രങ്ങളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. പാരിസ്ഥിതികവും പ്രകൃതിപരവുമായ അഭിവാഞ് ചയും മിക്ക ചിത്രങ്ങളിലെയും കലാപ്രസ്താവനയാവുന്നുണ്ട്.
ആഖ്യാനപരം എന്നതിലേറെ അപഗ്രഥനപരമായ ഒരു ഇടപെടലാണ് കലാകാരൻ നടത്തുന്നതെന്നത് ഇവിടെ വ്യക്തവുമാണ്.

മിത്ത്, ഭാവനാത്മകത, ജൈവപരത
ക്യൂറേറ്ററായ ഐസക്ക് നെല്ലാടിന്റെ ചിത്രം ഉപജീവിക്കുന്ന, ഭൂതത്താൻകെട്ട് അണക്കെട്ട് മിത്തിന്റെ പരിചരണം, ഇതര രചനകളുടെയും ആന്തരികതയിലേക്കു കടക്കാൻ സഹായകമാണ്. തീർത്തും വിഭിന്നമായ ഒരു ജലപ്രതല(waterscape)ത്തിനെതിരേ വരച്ച സുനിൽ ജോസിന്റെ രചന മിത്തിന്റെ ഭാവനാത്മകതയ്ക്കെതിരേ, ജൈവപരതയുടെ യാഥാർഥ്യത്തെ മുന്നോട്ടുവയ്ക്കുന്നു.
ലൗലിത നായരുടെ രചനയാകട്ടെ നാഗരികതയുടെ വഴക്കത്തിനോട് രാജിയാവുമ്പോഴും വ്യതിരക്തമാകുന്ന നിസ്തുല പ്രകൃതിയുടെ ഒരു കാഴ്ചയാവുന്നുണ്ട്. ഷീജ പള്ളത്തിന്റെ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളിലും ജലരാശി പ്രതീകസാന്ദ്രതയോടെ കനംതൂങ്ങുന്ന സാന്നിധ്യമാണ്.
ജലത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രൈണമായ സമസ്യകളെ യഥാതഥമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെയും അമൂർത്തതയെന്നത് കലാപരമായ ഒരു വീക്ഷണകോണും മോട്ടിഫുതന്നെയുമാണ്.
ഡോ. ലതാദേവിയുടെ ചിത്രം സംവേദനം ചെയ്യുന്ന പാരസ്ഥിതികവിച്ഛേദനത്തിന്റെ ഭീതിയും ബിജി ഭാസ്കറിന്റെ അർധഫാന്റസിയിൽ ഉള്ളടങ്ങിയ ഭ്രമാത്മതയും, രശ്മി ശ്രീധറിന്റെ ക്യാൻവാസിലെ അശരണത്വത്തോടടുക്കുന്ന അന്യവത്കരണവും പ്രദർശനത്തിന്റെ ദിശാസൂചികളാകുന്നു.
Tags : Special News