ടെൽ അവീവ്: ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്. കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഗാസയിൽ ഹമാസിനെയും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളെയും തുരങ്കങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു.
ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
Tags : Israel attack Gaza 104 killed Hamas violates agreement