തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിച്ച് വനിതാ സഞ്ചാരികൾ. ഇന്ത്യയിലെ എട്ടു വ്യത്യസ്ത ടൂറിസം ഡെസ്റ്റിനേഷനുകളിൽ ആഴ്ചകളോളം യാത്ര ചെയ്ത എമ്മ എന്ന വിദേശസഞ്ചാരി കേരളത്തിനാണ് കൂടുതൽ മാർക്ക് നൽകുന്നത്.
തായ്ലൻഡിൽ താമസിക്കുന്ന ട്രാവൽ വ്ളോഗറാണ് എമ്മ. കേരളം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമാണെന്നും താൻ 10ൽ ഒന്പതു മാർക്ക് നൽകുമെന്നും എമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രാജ്യത്തെ മറ്റു ചില ഡെസ്റ്റിനേഷനുകളിലെ വനിതാസൗഹൃദമല്ലാത്ത അനുഭവങ്ങളും അവർ പങ്കുവച്ചു. ഇത് ഇന്ത്യയിൽ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുകയും ചെയ്തു.
അതേസമയം രണ്ടുതവണ കേരളം സന്ദർശിച്ച അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഡൽഹി സ്വദേശി റിൻസു സൂസൻ സംസ്ഥാനത്തിന്റെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു.