കുടുംബങ്ങൾക്കു ഡിജിറ്റൽ റവന്യൂ കാർഡ് നൽകും: കെ. രാജൻ
1575850
Tuesday, July 15, 2025 2:03 AM IST
തൃശൂർ: പട്ടയം കൊടുക്കാനുള്ള കുടുംബവരുമാനപരിധി ഒരുലക്ഷത്തിൽനിന്ന് രണ്ടരലക്ഷമാക്കി ഉയർത്തുമെന്നും ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ കുടുംബങ്ങൾക്ക് എടിഎം മാതൃകയിൽ ഡിജിറ്റൽ റവന്യൂ കാർഡ് നൽകുമെന്നും മന്ത്രി കെ. രാജൻ. ടൗണ്ഹാളിൽ തൃശൂർ താലൂക്കുതല പട്ടയമേള ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുമാനവുമായി ബന്ധപ്പെട്ടു പട്ടയവിതരണം മുടങ്ങാതിരിക്കാനുള്ള നീക്കങ്ങളാണു സർക്കാർ നടത്തുന്നത്. 312 വില്ലേജുകളിൽ റീസർവേ പൂർത്തിയാക്കി. ഇവിടെയുള്ള കുടുംബങ്ങൾക്കു നവംബറോടെ ചിപ്പും ഡിജിറ്റൽ നന്പറും ഉൾപ്പെടുത്തിയ ഡിജിറ്റൽ റവന്യൂ കാർഡ് നൽകും.
ഭൂമിയുടെ അളവ്, നികുതി, പണയത്തിലാണോ, ജാതി, മതം, വരുമാനം, കെട്ടിടത്തിന്റെ അളവ് എന്നിങ്ങനെ വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ ലഭിക്കാവുന്ന തരത്തിൽ രേഖകൾ ഡിജിറ്റൈസ് ചെയ്യും. വില്ലേജ് ഓഫീസുകളിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾപോലെ ബാങ്ക് ഉൾപ്പെടെയുള്ള ഓഫീസുകളിൽ ഇവ ഹാജരാക്കാൻ കഴിയും. ഓഫീസുകളിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കു കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കും.
ഭൂവുടമകൾക്കായി കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടെ ഡിജിലോക്കർ സംവിധാനവും പരിഗണനയിലാണ്. വരുമാനസർട്ടിഫിക്കറ്റ്, മക്കളുടെ ജാതിസർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഡിജിലോക്കറിലൂടെ വില്ലേജ് ഓഫീസുകളിൽ ലഭ്യമാക്കും.
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു വേഗംകൂട്ടാൻ ഇതു സഹായിക്കും. ഓരോ വാർഡ് അംഗത്തെയും സമീപിച്ച് ആർക്കൊക്കെ പട്ടയം ലഭിക്കാനുണ്ടെന്നു മനസിലാക്കിയാണു പട്ടിക തയാറാക്കിയത്. പട്ടയം ലഭിച്ചവർ ഭൂമിയുടെ അവകാശം വരുംതലമുറയ്ക്കു വിതരണംചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പാണഞ്ചേരി വില്ലേജിലെ തട്ടിൽ അന്തോണി- എൽസി ദന്പതികൾ മന്ത്രിയിൽനിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങി.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവർ പങ്കെടുത്തു.