നടത്തം തുടരുകയാണ്, മഹാദേവനും പ്യാരിയും
1574990
Saturday, July 12, 2025 1:24 AM IST
കുട്ടനെല്ലൂർ: നടത്തത്തില്‍ ജീവിതംകണ്ടെത്തി മഹാദേവനും പ്യാരിയും.
ജാർഖണ്ഡ് സ്വദേശികളായ ഇരുവരും പാലായിൽ ഒരു കമ്പനിയിൽ ജോലിക്കെത്തിയതാണ്. കാഴ്ചയില്ലാത്ത പ്യാരിക്ക് കണ്ണും വഴികാട്ടിയുമാണ് മഹാദേവൻ. സമയം രാവിലെ ഏഴായാൽ കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനുതാഴെ അന്തിയുറങ്ങുന്ന സ്ഥലത്തുനിന്ന് ഇരുവരും എഴുന്നേറ്റുനടക്കും. വർഷങ്ങളായി ഇതാണ് ജീവിതരീതി. ബർമുഡയും ഷർട്ടുമാണ് മഹാദേവന്റെ വേഷം. ചുരിദാർ അല്ലെങ്കിൽ നൈറ്റിയും കുപ്പിവളയും മുത്തുമാലയുമാണ് പ്യാരിയുടെ വേഷം. ആരോ സമ്മാനിച്ച റെയിൻകോട്ടും കാലൻകുടയുമുണ്ട്. ഏതാനുംനാൾ മുമ്പുവരെ കൈയിലൊരു കോഴിക്കുട്ടിയുമുണ്ടായിരുന്നു. ദിവസവും അങ്ങോട്ടും ഇങ്ങോട്ടുമായി പതിനഞ്ചുകിലോമീറ്ററോളം നടക്കും. ചിലപ്പോൾ ചെരുപ്പ് ധരിക്കാതെയാകും നടത്തം.
ഏഴിനു നടത്തം തുടങ്ങിയാൽ രണ്ടരമണിക്കൂർകൊണ്ട് ഇരുവരും ശക്തനിലെത്തും. പിന്നീട് ഏതെങ്കിലും തണൽമരത്തിന്റെ ചുവട്ടിലിരിന്ന് സമയം ചെലവഴിക്കും.
ഈ യാത്രയ്ക്കിടെ ഹോട്ടലുകാരും വ്യക്തികളും മനസറിഞ്ഞുനൽകുന്ന ഭക്ഷണംകഴിക്കും. മറ്റു ചിലർ ഇവർക്ക് പണവുംനൽകും. പാട്ടുപാടിയും സ്നേഹം പങ്കിട്ടുമാണ് ഇരുവരുടെയും നടത്തം. പ്യാരിക്ക് കണ്ണുകാണാൻ സാധിക്കാത്തതിനാൽ വഴിയിലെ ഓരോ കാഴ്ചയും മഹാദേവൻ വിവരിക്കും. വൈകീട്ട് നാലുമണിയോടെ തിരിച്ച് തങ്ങൾ അന്തിയുറങ്ങുന്ന സ്ഥലത്തേക്ക്.