രാസമാലിന്യം കിണറുകളിൽ; ഇല്ലാതായത് മുന്നൂറോളം വീടുകളിലെ കുടിവെള്ളം
1575527
Monday, July 14, 2025 1:07 AM IST
കാട്ടൂർ: കണ്മുന്നിലെ കിണറിൽ നിറയെ വെള്ളമുണ്ടായിട്ടും ഒരു തുള്ളി കുടിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ മുന്നൂറോളം കുടുംബങ്ങൾ. ഇവിടെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽനിന്നു പുറന്തള്ളുന്ന രാസമാലിന്യം പരിസരത്തെ വീടുകളിലെ കിണറുകളിലേക്കൊഴുകി മലിനമായതാണു കാരണം. കാലങ്ങളായി വീട്ടുകിണറ്റിലെ വെള്ളമാണ് ഇവർ കുടിവെള്ളമായി ഉപേയാഗിക്കുന്നത്.
എന്നാൽ കുടിവെള്ളമായി മാത്രമല്ല വസ്ത്രങ്ങൾ അലക്കാൻ പോലും ഈ വെള്ളം ഉപയോഗിക്കരുതെന്നാണു നിർദേശം. ഈ വെള്ളം ഉപയോഗിച്ചതോടെ കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും തൊലിപോയി പഴുപ്പുവരുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു.
നാട്ടുകാർ വിവിധ അധികാരികൾക്കു പരാതി നൽകിയിട്ടും നടപടിയൊന്നും ആകാത്തതിനെത്തുടർന്ന് നാട്ടുകാർ സമരസമിതി രൂപീകരിച്ച് നിരാഹാരസമരം ഉൾപ്പെടെ പ്രത്യക്ഷസമരത്തിലാണിപ്പോൾ. നിരവധി രാഷ്ട്രീയസംഘടനകളും സമുദായികസംഘടനകളും പിന്തുണയുമായി രംഗത്തുവന്നതോടെ വരുംദിനങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണു ജനകീയ സമരസമിതി തീരുമാനം.
നിരാഹാരസമരത്തിന്റ പത്താംനാൾ സമീപവാസികളെല്ലാംചേർന്ന് ആയിരക്കണക്കിനുപേർ കന്പനിക്കു മുന്നിലെ സമരപ്പന്തലിൽ കൂട്ടനിരാഹാരമിരിക്കും. തുടർന്ന് സമരം പഞ്ചായത്താഫീസിനു മുന്നിലേക്കു വ്യാപിപ്പിക്കും. പ്രതിഷേധ മാർച്ച്, ഉപരോധം ഉൾപ്പടെയുള്ള സമരവുമായി രംഗത്തുണ്ടാകുമെന്നാണ് സമരസമിതിനേതാക്കൾ നൽകുന്ന സൂചന.
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന തെക്കേക്കര വിൻസെന്റ്, തേക്കലപറന്പിൽ പ്രഭാകരൻ എന്നിവരുടെ കിണറിലെ വെള്ളത്തിൽ പാട കെട്ടുകയും നിറംമാറുകയും ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. 2024 മേയിൽ മഴ ആരംഭിച്ചതോടെയാണ് വിൻസെന്റിന്റെ വീട്ടിലെ കിണറിൽ നിറവ്യത്യാസം കണ്ടുതുടങ്ങിയത്.
നിറവ്യത്യാസം കണ്ടശേഷം കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ചൊറിച്ചിൽ അനുഭവപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. സ്വകാര്യ ലാബിലെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്നു നിർദേശിച്ചിരുന്നു. പഞ്ചായത്തംഗം മോളി പിയൂസിനെ കാര്യം അറിയിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി പഞ്ചായത്ത് സമിതിയോഗത്തിൽ വിഷയം അവതരിപ്പിച്ചു.
ഇതോടെ പരിസരത്തെ 70 കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോഴാണ് രാസമാലിന്യം അപകടകരമാംവിധം കലർന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. ഒരുപാടു ഭക്തജനങ്ങൾവരുന്ന തൊട്ടടുത്ത വാദ്യക്കുടം ശിവക്ഷേത്രത്തിലെയും സമീപത്തെ 65 വീടുകളിലെയും കിണർജലം കുടിക്കാൻ പറ്റില്ലെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പരിശോധന വ്യാപിപ്പിച്ചതോടെ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലായി മുന്നൂറോളം വീടുകളിലെ കിണറുകളിൽ രാസമാലിന്യംകലർന്നതായി കണ്ടെത്തുകയായിരുന്നു.
പിഎച്ച് മൂല്യം അഞ്ചിനു താഴെ; മാരകലോഹങ്ങൾ അളവിൽ കൂടുതൽ
6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യമുള്ള വെള്ളം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവൂ. അല്ലെങ്കിൽ അത് എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം, നെഞ്ചെരിച്ചിൽ, ആന്തരിക അവയവങ്ങളുടെ പ്രവർത്തനരാഹിത്യം തുടങ്ങിയ അതിഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കിണറുകളിലെ വെള്ളത്തിന്റെ പിഎച്ച് മൂല്യം അഞ്ചിനു താഴെയാണ്. തെക്കേക്കര വിൻസെന്റിന്റെ കിണർജലം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് പരിശോധിച്ചപ്പോൾ സിങ്ക്, മാംഗനീസ് തുടങ്ങിയ ലോഹങ്ങളും ആർസനിക് എന്ന അതീവ അപകടകാരിയായ ലോഹവും അളവിൽ കവിഞ്ഞ അവസ്ഥയിലാണെന്നു കണ്ടെത്തി.
അപകടകാരിയായ അമോണിയം നൈട്രേറ്റ്, സൾഫേറ്റ് എന്നിവയുടെ അളവും വളരെ കൂടുതലാണ്. കുടിവെള്ളം യോഗ്യമല്ലെങ്കിൽ ആ സ്ഥലം താമസയോഗ്യമല്ല എന്നാണർഥം. ഇത് മിനി എസ്റ്റേറ്റിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ ബാധിക്കും. പ്രദേശത്തെ കിണറുകൾ മാത്രമല്ല മറ്റു ജലസ്രോതസുകളും മലിനമായി.
പരാതികളേറെ, നടപടിയില്ല
1974ൽ ആരംഭിച്ച മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 13 സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്. ഇതിൽ കീർത്തി ഇൻഡസ്ട്രീസ്, ബാലാജി എന്റർപ്രൈസസ്, റെയിൻബോ എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റാണു കാട്ടൂരിലേത്. 1974ൽ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനാണ് ഇത് ഉദ്ഘാടനം ചെയ്തത്.
കുടിവെള്ളം മലിനമായതോടെ അഞ്ചാംവാർഡ് അംഗം മോളി പിയൂസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജനകീയമുന്നണി രൂപീകരിച്ചു. 2024 ജൂണിൽ പഞ്ചായത്ത്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, എഡിഎം, പൊലൂഷൻ കണ്ട്രോൾ ബോർഡ്, ഡിഎംഒ, ജില്ല കളക്ടർ, മന്ത്രി ഡോ. ആർ. ബിന്ദു, ആരോഗ്യമന്ത്രി വീണാ ജോർജ്, സിഡ്കോ ജില്ലാ വ്യവസായകേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പരാതി നല്കി. ഒന്നരമാസം കഴിഞ്ഞാണ് വകുപ്പുകൾ പരിശോധന നടത്തിയത്. പൊലൂഷൻ കണ്ട്രോൾബോർഡ് വെള്ളം പരിശോധനയ്ക്കു കൊണ്ടുപോയെങ്കിലും ഫലം വന്നതു വളരെ വൈകിയാണ്. അതിലും കുടിക്കാൻ ഉപയോഗിക്കാൻ പറ്റാത്തവിധം മലിനമാണെന്നുതന്നെ കണ്ടെത്തിയെങ്കിലും നാളിതുവരെ കാര്യമായ നടപടിയൊന്നും അധികൃതർ കൈക്കൊണ്ടില്ല.