ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ലെന്നു പരാതി
1575535
Monday, July 14, 2025 1:07 AM IST
ഗുരുവായൂർ: ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പരിശീലനത്തിനുപോയ ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി. താമരയൂർ പൊങ്ങണംവീട്ടിൽ ഫർസീൻ ഗഫൂറിനെ(28)യാണ് കാണാതായത്.
പൂനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ബറേലിയിലേക്കുപോകാൻ ഒൻപതിനാണ് ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10ന് രാത്രി പത്തരയോടെ ഭാര്യയെ ഫോണിൽവിളിച്ചു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് അടുത്തബന്ധു പറഞ്ഞു. ബറേലിക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ തൊട്ടടുത്തുള്ള ഇസത്ത്നഗറിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്.
ഇസത്ത്നഗറിലെ ടവർ ലൊക്കേഷനാണ് അവസാനമായി കാണിച്ചത്. പരിശീലനസ്ഥലത്ത് എത്തിയിട്ടില്ല. ഒറ്റയ്ക്കാണ് യാത്രചെയ്തിരുന്നതെന്നും ബന്ധു പറഞ്ഞു.
മൂന്നുമാസം മുൻപാണ് ഫർസീൻ ഗഫൂര്‍ അവസാനമായി നാട്ടിൽവന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി. സൈനികതലത്തിലും അന്വേഷണംനടക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഫർസിനെ തെരഞ്ഞു ബറേലിയിലേക്ക് പുറപ്പെട്ടു. ബന്ധുക്കൾ എൻ.കെ. അക്ബർ എംഎൽഎയ്ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിക്കും പരാതിനൽകി.