വീടിന്റെ പിൻഭാഗം ഇടിഞ്ഞു; ഒഴിവായതു വൻദുരന്തം
1574988
Saturday, July 12, 2025 1:24 AM IST
വടക്കാഞ്ചേരി: വീടിന്റെ പിൻഭാഗം ഇടിഞ്ഞ് യുവതി ഉൾപ്പെടെ താഴ്ചയിലേക്ക് പതിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന മാരാത്തേതിൽ വീട്ടിൽ എം.എച്ച്. ഷാനവാസിന്റെ ഭാര്യ ഷീനയാണ് വീടിന്റെ ഭാഗം ഇടിഞ്ഞുവീഴുന്നതോടൊപ്പം വീണത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോടുചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കാനായിപോയ നേരത്താണ് കരിങ്കല്ല് ഉൾപ്പെടെയുള്ളവ തകർന്ന് ഷാനവാസിന്റെ ഭാര്യ താഴ്ചയിലേക്ക് വീണത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കൽ ഭിത്തിയും മണ്ണുമാണ് ഇടിഞ്ഞുവീണത്. ജോലിക്കിടയിൽ ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു അപകടം. തുടർന്ന് അപകടത്തിൽപ്പെട്ട ഷീനയെ കോണിയിലൂടെ മുകളിലെത്തിക്കുകയായിരുന്നു.
അപകടത്തിൽ ഷീനയ്ക്ക് നിസാര പരിക്കേറ്റു. വിടിന്റെ ഭാഗം വീഴുന്ന സമയത്ത് ഷാനവാസും ഭാര്യയും മകളും സഹോദരിയും മാത്രമാണുണ്ടായിരുന്നത്. ഏകദേശം ഏഴു മീറ്ററോളം വീതിയിൽ മണ്ണിടിച്ചിലുണ്ടായി.