നവീകരിച്ച സ്കൂൾ ഓഡിറ്റോറിയവും ക്രിയേറ്റീവ് കോർണറും തുറന്നു
1575839
Tuesday, July 15, 2025 2:03 AM IST
അന്നമനട: സർക്കാർ യു.പി.സ്കൂളിൽ അന്നമനട ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഓഡിറ്റോറിയവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സമഗ്രശിക്ഷ കേരളവും ഏഴുലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറും തുറന്നു.
വിദ്യാർഥികൾക്ക് ഇലക്ട്രോണിക് - ഇലക്ട്രിക് മേഖലയിലും കേക്ക് നിർമാണം, തയ്യൽ തുടങ്ങിയവയിലും പരിശീലനം നൽകി സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ക്രിയേറ്റിവ് കോർണറിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. ഇക്ബാൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ. സതീശൻ, മഞ്ജു സതീശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജ നസീർ , കെ.കെ. രവി നമ്പൂതിരി, കെ.എ. ബൈജു, ടി.വി. സുരേഷ്കുമാർ, ബിപിസി ഡോ. ലിജു, പ്രധാനാധ്യാപിക സൈന, പിടിഎ പ്രസിഡന്റ്് ദിവ്യ എന്നിവർ പ്രസംഗിച്ചു.