മാലിന്യനിർമാർജനം: മനുഷ്യരുടെ മനോഭാവത്തിൽ മാറ്റം വരണം: മന്ത്രി എം.ബി. രാജേഷ്
1575403
Sunday, July 13, 2025 8:22 AM IST
കൊരട്ടി: വിദ്യാഭ്യാസവും സാമ്പത്തികനിലയും ഉയർന്നതുകൊണ്ടോ ബോധവത്്കരണം കൊണ്ടോ മാലിന്യനിർമാർജനം സാധ്യമാകില്ലെന്നും മനുഷ്യരുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്നും മന്ത്രി എം.ബി.രാജേഷ്.
വീടുകളിൽനിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി ഏർപ്പെടുത്തിയ യൂസർ ഫീ ഹരിതകർമസേനയ്ക്ക് കൊടുക്കാൻ ഇപ്പോഴും ഒരു വിഭാഗം വൈമനസ്യം കാണിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളും ആനുകുല്യവും ലഭ്യമാകാൻ യൂസർഫീ അടച്ചതിന്റെ രശീതി ഉറപ്പാക്കണമെന്നും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പിഴ അടക്കമുള്ള കർശന നടപടിയെടുക്കാൻ പഞ്ചായത്തുകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊരട്ടി പഞ്ചായത്തും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും സം യുക്തമായി 24 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ഡയപ്പർ ആൻഡ് നാപ്കിൻ ഡിസ് ട്രോയർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കുടി നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും ചാലക്കുടി നഗരസഭയിൽ നിന്നും ഹരിതകർമസേന വഴി ഡയപ്പർ - നാപ്കിൻ മാലിന്യം ശേഖരിക്കും. ഒരു ദിവസം രണ്ടു ഷിഫ്റ്റുകളിലായി ഇത്തരം ഒരു ടൺ മാലിന്യം സംസ്കരിക്കാനാണ് തീരുമാനം.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു, വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, എൽഎസ്ജിഡി അസിസ്റ്റന്റ്് ഡയറക്ടർ ബിന്ദു പരമേശ്വരൻ, ജനപ്രതിനിധികളായ കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, സിന്ധു രവി, ബിജോയ് പെരേപ്പാടൻ, പി.ജി. സത്യപാലൻ, പി.എസ്. സുമേഷ്, അസി. എൻജിനീയർ എ.വി. ആന്റു, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത എന്നിവർ പ്രസംഗിച്ചു.