സൗരോർജ തൂക്കുവേലികൾ തകർത്ത് കാട്ടാനകളെത്തുന്നതു പതിവായി
1575529
Monday, July 14, 2025 1:07 AM IST
അതിരപ്പിള്ളി: കാട്ടാനശല്യം ഒഴിവാക്കുന്നതിനായി അതിരപ്പിള്ളി മേഖലയില്‍ സ്ഥാപിച്ച സൗരോർജ തൂക്കുവേലിക്കടിയിലൂടെ ആനകൾ ജനവാസമേഖലയിലെത്തുന്നത് പതിവായി. കോടികൾ മുടക്കി സ്ഥാപിച്ച പദ്ധതി ഇതോടെ ഉപകാരമില്ലാതായി.
വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സൗരോർജ തൂക്കുവേലിയാണ് കാട്ടാനകൾ മരം തള്ളിമറിച്ചിട്ടും നിർമാണത്തിലെ അപാകത മൂലവും ഉപയോഗയോഗ്യമല്ലാതായിരിക്കുന്നത്. ആനകൾ മരച്ചില്ലകള്‍കൊണ്ട് വേലികളില്‍ തട്ടുന്നതുമൂലം വൈദ്യുതിയുടെ പ്രഹരം കുറയുകയാണ്. ചില സ്ഥലങ്ങളിൽ വേലിയുടെ ഉയരം കുറവുമാണ്. വന്യ ജീവികൾക്ക് ജനവാസ മേഖലയിലേക്ക് എത്താൻ ഇതോടെ എളുപ്പമായി.
നബാര്‍ഡിന്റെ സഹകരണത്തോടെ ചാലക്കുടി-വാഴച്ചാൽ വനം ഡിവിഷനില്‍ 2.24 കോടി രൂപ ചെലവിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിച്ചത്. ചാലക്കുടി പുഴയോരത്ത് അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വിരിപ്പാറ മുതല്‍ കണ്ണംകുഴി തോട് വരെയുള്ള 18 കിലോമീറ്റര്‍ ഭാഗത്ത് ഇപ്പോൾ തൂക്കുവേലിയുടെ പണികൾ നടക്കുകയാണ്. ഇതിനു പുറമേ ചാലക്കുടി-വാഴച്ചാല്‍ ഡിവിഷനുകളിലായി 80 കിലോമീറ്ററോളം ദൂരത്തിലും വൈദ്യുത തൂക്കുവേലി സ്ഥാപിക്കുന്നുണ്ട്.
ഇത്രയധികം ദൂരത്തില്‍ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. വന്യജീവികളുടെ ശല്യം ഒഴിവാക്കാനായി ട്രഞ്ച്, വൈദ്യുതവേലി എന്നിവ സ്ഥാപിച്ചിട്ടും ഫലമില്ലാതായതോടെയാണ് സൗരോർജ തൂക്കുവേലി പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ നിർമാണത്തിലെ അപാകതകൾമൂലം പദ്ധതി ഉദ്ദേശിച്ച ഫലം നൽകുന്നില്ല.