ടോൾ പിരിവ്: ഭരണകക്ഷികളുടെ മാർച്ചും പ്രമേയവുമല്ല വേണ്ടത്, സർക്കാർ ഇടപെടണം: അഡ്വ. ജോസഫ് ടാജറ്റ്
1575405
Sunday, July 13, 2025 8:24 AM IST
തൃശൂർ: ഗതാഗതക്കുരുക്കിന്റെ പേരിൽ ടോൾപിരിവ് നിർത്തിവയ്ക്കാൻ അധികാരത്തിലുള്ള സിപിഎമ്മും സിപിഐയും ചെയ്യേണ്ടതു പ്രമേയവും മാർച്ചുമല്ല, മറിച്ച് ശക്തമായ ഇടപെടലാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ടോൾ നിരക്ക് ഉയർത്തരുതെന്നും പിരിവു നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുനൽകിയ ഹർജിയിൽ ദേശീയപാത ഈ നിലയിൽ തുടർന്നാൽ ടോൾ നിർത്തേണ്ടിവരുമെന്നാണു ഹൈക്കോടതി താത്കാലിക ഉത്തരവിട്ടത്. ഭരണകക്ഷികളായ സിപിഎം ടോൾ പ്ലാസ മാർച്ചും സിപിഐ പ്രമേയവുമായി വരുന്പോൾ യഥാർഥപ്രശ്നത്തിൽനിന്നുള്ള ഒളിച്ചോട്ടമാണു നടത്തുന്നത്. സർക്കാർ എന്തുകൊണ്ട് ടോൾ നിർത്തണമെന്ന് എൻഎച്ച്എഐയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുന്നില്ല.
പത്തു വർഷമായി കോണ്ഗ്രസ് പാലിയേക്കര കരാർകന്പനിയുടെ ലംഘനത്തിനെതിരേ സമരത്തിലും നിയമനടപടിയിലുമാണ്. സംസ്ഥാനസർക്കാർ പലപ്പോഴും കേസുകളിൽ മൗനംപാലിക്കുകയാണ്. കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി പുറത്താക്കാൻ എൻഎച്ച്എഐ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നൽകിയ കേസിൽ സർക്കാരിനെ കക്ഷിചേർത്തതു ഡൽഹി ഹൈക്കോടതിയിൽ പോയി ഒഴിവായ നടപടി ദുരൂഹമാണ്.
ദേശീയപാത തകർന്നു ഗതാഗതം താറുമാറായ സാഹചര്യത്തിൽ ടോൾ നിർത്തിവയ്ക്കേണ്ടിവരുമെന്നു താത്കാലിക ഉത്തരവിട്ട് കേസ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ് എന്നിവരടങ്ങിയ ബെഞ്ച് 16ലേക്കു നീട്ടിവച്ച സാഹചര്യത്തിൽ സംസ്ഥാനസർക്കാർ നിലപാടെടുക്കാൻ താമസിക്കരുത്.
പ്രശ്നങ്ങൾ തീർക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നു കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സൊളിസിറ്റർ ജനറലിന്റെ ആവശ്യം പരിഗണിച്ചാണു കേസ് നീട്ടിവച്ചതെന്നും അഡ്വ. ജോസഫ് ടാജറ്റ് വ്യക്തമാക്കി.