പുളിക്കലച്ചിറ താത്കാലിക ബണ്ട്റോഡ് ബലപ്പെടുത്തി
1575832
Tuesday, July 15, 2025 2:03 AM IST
അരിപ്പാലം: നാലമ്പല തീര്‍ഥാടനത്തിനു മുന്‍പായി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിച്ച് പൊതുമരാമത്തുവകുപ്പ് ബണ്ട് റോഡ് ബലപ്പെടുത്തി. നാലമ്പല തീര്‍ഥാടനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി. തെങ്ങിന്‍മുട്ടികള്‍ സ്ഥാപിച്ച് ബണ്ടുയര്‍ത്തി അതിനുമുകളില്‍ മെറ്റല്‍, ക്വാറി വേസ്റ്റ്, ജിപിസി എന്നിവ ഇട്ടാണ് ബലപ്പെടുത്തിയിരിക്കുന്നത്. പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോടംകുളം റോഡില്‍ കോള്പ്പാടശേഖരത്തിനു മധ്യത്തിലാണ് പുളിക്കലച്ചിറ പാലം നിര്‍മിക്കുന്നത്.
നാലമ്പലതീര്ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ ഇതുവഴിയാണ് തിരിച്ചുവിട്ടിരുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയ പാലം പൊളിച്ചുനീക്കുകയും വാഹനങ്ങള്‍ കടന്നുപോകുന്നതിനായി സമീപത്ത് ഒരു ബണ്ട് റോഡ് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫില്ലര്‍ കാപ്പില്‍ അപാകം കണ്ടതോടെ പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു.
ഇതിനിടയില്‍ കാലവര്‍ഷം ശക്തമായതോടെ പാടത്തിനു കുറുകെ സ്ഥാപിച്ചിരുന്ന ബണ്ട് റോഡില്‍ വെള്ളം തടഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ പാടത്തോടുചേര്ന്നുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ബണ്ട് റോഡിന്റെ മുകള്‍ ഭാഗത്തുനിന്ന് മണ്ണുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.
നാലമ്പലദര്‍ശനം ആരംഭിക്കുന്നതിനുമുന്പുതന്നെ അപാകങ്ങള്‍ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആര്. ബിന്ദുവിന്റേയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്തുവകുപ്പ് കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബണ്ടുയര്‍ത്തി താത്കാലിക റോഡ് ബലപ്പെടുത്തുകയായിരുന്നു. പൂമംഗലം പഞ്ചായത്ത് പ്രസിഡനന്റ് കെ.എസ്. തമ്പി അടക്കമുള്ളവരെത്തി റോഡിന്റെ മെറ്റലിംഗ് വിലയിരുത്തി.