കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം
1575845
Tuesday, July 15, 2025 2:03 AM IST
ചേലക്കര: നവീകരിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നിശ്ചയദാർഢ്യത്തോടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ബഹുരാഷ്ട്രകമ്പനി ഓഫീസുകൾക്ക് സമാനമായി ഓഫീസ് സജ്ജമാക്കിയ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും വികസനകാര്യത്തിൽ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന് പഞ്ചായത്തുകൾക്ക് കഴിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുൻകാല പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായി. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയർ സി. പി. സിബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. 55.97 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് ഓഫീസ് നവീകരിച്ചത്. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ എസ്.നായർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ എന്നിവർ പ്രസംഗിച്ചു.