കോടശേരി പഞ്ചായത്ത് യോഗം കോൺഗ്രസ് അംഗങ്ങളെ പ്രതിപക്ഷം തടഞ്ഞുവച്ചു
1575834
Tuesday, July 15, 2025 2:03 AM IST
ചാലക്കുടി: കോടശേരി പഞ്ചായത്ത് യോഗം കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളെ പ്രതിപക്ഷമായ എൽഡി എഫ് അംഗങ്ങൾ തടഞ്ഞു. പുറത്തേക്കുപോകാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളായ റിജു മാവേലി, ഷിമ ബെന്നി, ജിനി ബെന്നി എന്നിവർക്കു മർദനമേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തർക്കത്തെതുടർന്ന് മൂന്ന് എൽഡിഎഫ് അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശകുന്തള വത്സൻ, സജിത ഷാജി, വി.ജെ. വില്യംസ് എന്നിവരേയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ ഹരിതകർമസേനയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പഞ്ചായത്ത് കമ്മറ്റി റദ്ദ് ചെയ്യാൻ തീരുമാനിച്ചതാണ് സംഘർഷത്തിനു കാരണം. ഹരിതകർമ സേനയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കുടുബശ്രീ അംഗങ്ങളല്ലാത്ത നാലുപേരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ഇതേ തുടർന്ന് ഹരിത കർമസേനയിലെ 22 പേർ പഞ്ചായത്ത് കമ്മറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇലക്ഷൻ റദ്ദ് ചെയ്യാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്.
പ്രതിപക്ഷം എതിർക്കുകയും യോഗം കഴിഞ്ഞപ്പോൾ ഭരണകക്ഷി അംഗങ്ങളെ തടഞ്ഞുവയ്ക്കുകയും ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുപക്ഷവും പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം നടത്തി. കോൺഗ്രസ് അംഗങ്ങളെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
എംഎൽഎ പ്രതിഷേധിച്ചു
ചാലക്കുടി: കോടശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റിജു മാവേലി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീമ ബെന്നി, ജിനി ബെന്നി എന്നിവരെ എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ സംഘംചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
കേരളത്തിൽ അധികാരത്തിലിരിക്കുന്നതിന്റെ അഹന്തയിൽ എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾക്ക് രാഷ്ട്രീയ അന്ധത ബാധിച്ചിരിയ്ക്കുകയാണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ വിറളിപൂണ്ട് ഈ ആക്രമണം നടത്തിയവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർനടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോടശേരി പഞ്ചായത്തിൽ
ഇന്നു ഹർത്താൽ
ചാലക്കുടി: കോടശേരി പഞ്ചായത്ത് യുഡി എഫ് അംഗങ്ങളെ എൽഡിഎഫ് അംഗങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു കോടശേരി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.