വാഹനാപകടങ്ങളില്‍ പരിക്ക്
1575846
Tuesday, July 15, 2025 2:03 AM IST
മുതുവറ: തൃശൂർ- കുറ്റിപ്പുറം റോഡിൽ പുഴയ്ക്കലിൽ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പിക്കപ്പ് വാനിലിടിച്ചാണ് അപകടം. ഒരേദിശയിൽ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കാൽനടയാത്രക്കാരനെയും സ്കൂട്ടർ യാത്രക്കാരിയെയും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് സമീപത്തെ അടാട്ട് പഞ്ചായത്തിന്റെ മോട്ടോർ ഷെഡിൽ ഇടിച്ചാണ് വാഹനംനിന്നത്.
അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ മേപ്പുറത്ത് വീട്ടിൽ സുധീഷ്(42), സ്കൂട്ടർ യാത്രകരായ അരിമ്പൂർ സ്വദേശികളായ ഷീജ(52), ജ്യോതി ബാബു(61), പിക്കപ്പ് വാനിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി അഭിജിത്ത്(22) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി: പുളിഞ്ചോട് പമ്പിനുസമീപം ബൈക്ക് ലോറിയിലിടിച്ചു. അപകടത്തില്‍ പരിക്കേറ്റ തിരുത്തിപ്പറമ്പ് സ്വദേശി ജെൻസൻ(42)നെ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. കഴിഞ്ഞദിവസം അർധരാത്രിയിലായിരുന്നു അപകടം.
വടക്കാഞ്ചേരി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ വാഴക്കോടുവച്ചായിരുന്നു അപകടം. ഇടിയുടെ അഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പരിസരത്തെ കാനയിലേക്ക് തലകീഴായി മറിഞ്ഞു. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
ബൈക്ക് യാത്രികനായ മരത്താക്കര സ്വദേശി അലൻ(23), ഓട്ടോ ഡ്രൈവർ വാഴക്കോട് സ്വദേശിക് കുന്നത്തുപീടികയിൽ വീട്ടിൽ കബീർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർചേർന്ന് വടക്കാഞ്ചേരി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടിക്കാട്: തോട്ടപ്പടി മേൽപ്പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിനീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെ തൃശൂർ ഭാഗത്തേയ്ക്കുള്ള പാതയിലാണ് അപകടമുണ്ടായത്.