ശാപമോക്ഷം ലഭിക്കാതെ തിരുവില്വാമല ക്ഷേത്രം ബസ് സ്റ്റാൻഡ്
1575841
Tuesday, July 15, 2025 2:03 AM IST
തിരുവില്വാമല: രാമായണമാസാചരണത്തിനും നാലമ്പലദർശനത്തിനും വ്യാഴാഴ്ച തുടക്കമാകാനിരിക്കെ തിരുവില്വാമല ക്ഷേത്രം ബസ് സ്റ്റാൻഡിന് ഇപ്പോഴും ശാപമോക്ഷംകിട്ടാത്ത അവസ്ഥയാണ്.
കർക്കടകം ഒന്നുമുതൽ 31 വരെ നാലമ്പലദർശനതിന് ഇവിടെ നിരവധിഭക്തരെത്തും. ഭക്തജനങ്ങൾക്ക് സൗകര്യമാകുമായിരുന്ന ബസ് സ്റ്റാൻഡാണ് അവഗണനയിൽ കിടക്കുന്നത്. അലഞ്ഞു നടക്കുന്ന കാളകൾക്കും തെരുവുപട്ടികൾക്കും വിശ്രമിക്കാനുള്ള ഒരു ഇടമാണ് ഇപ്പോളീ സ്റ്റാൻഡ്. ടൗണിൽനിന്നു മുക്കാൽ കിലോമീറ്റർ ദൂരമുണ്ട് വില്വാദ്രിനാഥ ക്ഷേത്രത്തിലേക്ക്.
കർക്കിടകമാസത്തിൽ ആയിരക്കണക്കിന് തീർഥാടകരെത്തുന്ന ഈ ക്ഷേത്രത്തിലേക്കെത്താൻ വേണ്ടത്ര സൗകര്യമില്ല. ക്ഷേത്രത്തോടുചേർന്നുള്ള ഈ ബസ് സ്റ്റാൻഡിൽ ബസുകളെത്തിയാൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഇവിടമാകെ ഇപ്പോൾ വൃത്തികേടായി കിടക്കുകയാണ്. ക്ഷേത്രദർശനത്തിനെത്തുന്ന യാത്രക്കാർക്കുവേണ്ടിയാണ് 2010ൽ ക്ഷേത്രം സ്റ്റാൻഡും നിർമിച്ചത്. മുഖ്യമന്ത്രി, ആർടിഒ, കളക്ടർ തുടങ്ങിയവർക്ക് പരാതിനൽകി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബസുകൾ ടൗണിൽ വന്നു തിരിച്ചുപോവുകയല്ലാതെ ഇവിടേയ്ക്ക് വരുന്നില്ല. തൃശൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരെത്തി സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരേ നടപടി സ്വീകരിച്ചുവെങ്കിലും വീണ്ടും പഴയപടിയായി കാര്യങ്ങൾ. തിരുവില്വാമലവഴി കടന്നുപോകുന്ന എല്ലാ ബസുകളും ക്ഷേത്രം സ്റ്റാൻഡ് വഴി പോകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
യു.ആർ. പ്രദീപ് എംഎൽഎ ഇടപെട്ട് ക്ഷേത്രം സ്റ്റാൻഡിൽ കെഎസ്ആർടിസി സ്റ്റേ സെന്ററിന്റെ സാധ്യതയെക്കുറിച്ച് അവലോകനയോഗം ചേർന്നു. കെഎസ്ആർടിസി റീജിയണൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി ജനപ്രതിനിധികളും പങ്കെടുത്തു. ഇപ്പോൾ സ്റ്റേ സെന്ററിന് കെട്ടിടം നിർമിക്കാൻ എംഎൽഎ 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനമുണ്ടെന്നറിയുന്നു.