ബൈക്ക് മോഷണം: അന്തർജില്ലാ മോഷ്ടാവ് അറസ്റ്റിൽ
1575836
Tuesday, July 15, 2025 2:03 AM IST
കാടുകുറ്റി: കാടുകുറ്റിയിൽനിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ അന്തർജില്ലാ മോഷ്ടാവ് അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി ചെരിയേക്കര സുനാമി ജെയ്സൺ എന്നറിയപ്പെടുന്ന ജെയ്സനെ (55) യാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കാതിക്കുടം സ്വദേശി അഭിനവിന്റെ വീട്ടിലെ കാർപോർച്ചിൽനിന്ന് ഇക്കഴിഞ്ഞ 25ന് പാഷൻ പ്രോ മോട്ടോർസൈക്കിൾ മോഷണംപോയ കേസിലാണ് അറസ്റ്റ്.
വാഹനം മോഷ്ടിച്ച് പോകവേ ഹെൽമറ്റ് വയ്ക്കാത്തതിനു മോട്ടോർ വാഹന വകുപ്പിന്റെ ഫൈൻ ബൈക്ക് ഉടമയായ അഭിനവിനു വന്നിരുന്നു. തുടർന്ന് എഐ കാമറയിൽ പതിഞ്ഞ വീഡിയോ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാഴൂരുള്ള വീടിന്റെ മുമ്പിലെ ഷെഡിൽവച്ചിരുന്ന ഹീറോ ഹോണ്ട ബൈക്ക് ഇയാൾ ഇക്കഴിഞ്ഞ 30ന് മോഷ്ടിച്ച് കടത്തി കൊണ്ടുപോകവേ കോഴിക്കോട് ഫറോക്ക് പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിലായി. ഇയാൾ പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡി ലായ വിവരം കൊരട്ടി പോലീസിനു ലഭിച്ചു. തുടർന്ന് കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലിൽവച്ച് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊരട്ടി, അന്തിക്കാട്, കയ്പമംഗലം, കൊടകര, കുന്നംകുളം, ഒറ്റപ്പാലം, കുന്നമംഗലം, ചേലക്കര, വടക്കാഞ്ചേരി, ആലത്തൂർ, അമ്പലമേട്, നടക്കാവ്, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ച് മോഷണക്കേസുകളിൽ ജെയ്സൺ പ്രതിയാണ്.
കൊരട്ടി സിഐ അമൃത് രംഗൻ, എസ്ഐമാരായ ഒ.ജി. ഷാജു, സുമേഷ് കുമാർ, സിപിഒ ശ്രീജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.