മണ്ണെണ്ണവിതരണം: പ്രതിസന്ധി രൂക്ഷം
1575844
Tuesday, July 15, 2025 2:03 AM IST
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലെ റേഷൻ മണ്ണെണ്ണ വിതരണത്തിൽ പ്രതിസന്ധി. താലൂക്കിലെ 129 റേഷൻ കടകളിലും സർക്കാർ പ്രഖ്യാപിച്ച മണ്ണെണ്ണ ഇതുവരെ എത്തിയിട്ടില്ല.
വാതിൽപ്പടി വിതരണത്തെചൊല്ലി റേഷൻ വ്യാപാരികളും സിവിൽ സപ്ലെെസും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പ്രശ്നത്തിന് ആധാരം. തർക്കം ഹൈക്കോടതി പരിഗണനയിലാണ്. മണ്ണെണ്ണ മുൻകാലങ്ങളിൽ ലഭ്യമാക്കിയിരുന്നതുപോലെ വാതിൽപ്പടിയായി നൽകണമെന്നാണ് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആവശ്യം. ഇതുസംബന്ധിച്ച് നൽകിയ ഹർജി കോടതി കഴിഞ്ഞദിവസം പരിഗണിക്കുകയും 10 ദിവസത്തിനകം തീരുമാനമറിയിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട് ആ വശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
80,000 ലിറ്റർ മണ്ണെണ്ണയാണ് താലൂക്കിൽ വിതരണംചെയ്യേണ്ടത്. നേരത്തെ മൊത്ത വിതരണ ഏജൻസി ടാങ്കർലോറികളിൽ ഡോർഡെലിവറി നടത്തിയിരുന്നു. വ്യാപാരികളാണ് ചെലവ് നൽകിയിരുന്നത്. മണ്ണെണ്ണ വിഹിതത്തിൽ കുറവ് വന്നതോടെ ഏജൻസി പിൻവാങ്ങി. ഇതോടെ വിതരണംനിലച്ചു. അതോടെ തൃശൂർ ഏജൻസിക്ക് ചുമതലനൽകി. അതും പരാജയമായി. പിന്നീട് പട്ടാമ്പി ഏജൻസിക്ക് വിതരണാവകാശംനൽകി. ഇയാളുടെ മരണത്തോടെ ഇപ്പോൾ മലപ്പുറം ഏജൻസിയാണ് കരാറുകാരൻ.
ഇവിടെപോയി മണ്ണെണ്ണയെടുത്ത് വിതരണം ചെയ്യണമെന്നാണ്ഉദ്യോഗസ്ഥരുടെ ആവശ്യം. മണ്ണെണ്ണ സുരക്ഷിതമായി കൊണ്ടുവരാൻ ടാങ്കർ ആവശ്യമാണ്. പെട്ടിഓട്ടോറിക്ഷയിലോ തുറന്ന വാഹനത്തിലോ കൊണ്ടുവരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇത് നിയമവിരുദ്ധമാണ്. അതിന് തയാറില്ലെന്ന നിലപാടിലാണ് റേഷൻ വ്യാപാരികൾ. എന്നാൽ കൃത്യമായ അളവിൽ മണ്ണെണ്ണ എത്തിച്ചുനൽകിയാൽ കമ്മീഷൻപോലും ഇല്ലാതെ വിതരണം ചെയ്യാൻ തയാറാണെന്ന് എകെആർഡിഎ തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് കെ. സേതുമാധവൻ പറഞ്ഞു.