ചേറ്റുവ പടന്ന പാലം തകർച്ചാഭീഷണിയിൽ
1574985
Saturday, July 12, 2025 1:24 AM IST
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കക്കടവ് തീരദേശ റോഡിലുള്ള പടന്ന പാലം തകർച്ചാഭീഷണിയിൽ.
സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് ചേറ്റുവ തീരദേശ മേഖലയിലെ പടന്നചീപ്പിനോട് ചേർന്നുള്ള ഈ പാലം. പാലത്തിന്റെ വശങ്ങള് ഇടിഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴാൻ സാധ്യത ഏറെയാണ്. പാലത്തിന്റെ അടിഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുനിൽക്കുന്ന നിലയിലാണ്.
ദേശീയപാതയ്ക്കുവേണ്ടി ചേറ്റുവ പുഴയിൽനിന്നു ഡ്രജ്ജിംഗ് നടത്തി മണൽ വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്. നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നുപോകുന്നത്.
ഭാരമേറിയ വാഹനങ്ങൾ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. വീടുകൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.