കോർപറേഷന്റെ പ്രവർത്തനങ്ങൾ മാതൃക: എം.ബി. രാജേഷ്
1574987
Saturday, July 12, 2025 1:24 AM IST
തൃശൂർ: കോർപറേഷൻ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളും മറ്റു തദ്ദേശസ്ഥാപനങ്ങൾക്കു മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്. 135 കോടിയുടെ ആർഡിഎസ്എസ് പദ്ധതിയുടെയും സംസ്ഥാനത്തെ ആദ്യ ആധുനിക മാലിന്യസംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മൂന്നുകോടി ചെലവിട്ടു കുരിയച്ചിറയിൽ സ്ഥാപിച്ച ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ ഉദ്ഘാടനം വൈകീട്ട് ആറിനും 135 കോടിയുടെ ആർഡിഎസ്എസ് വൈദ്യുതിപദ്ധതിയുടെ നിർമാണോദ്ഘാടനം രാത്രി ഏഴിനും മന്ത്രി നിർവഹിച്ചു.
ദുർഗന്ധമില്ലാതെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ നിർമാണമാണു പുർത്തിയാക്കിയത്.
പ്രതിദിനം അഞ്ചു ടണ്‍ മാലിന്യം സംസ്കരിക്കാൻ കഴിയും. മാലിന്യസംസ്കരണത്തിൽ ഇൻഡോർ നഗരത്തിനൊപ്പം എത്തുകയാണു കോർപറേഷന്റെ ലക്ഷ്യമെന്നും 2025ലെ ജിഎഫ്സി ഫൈവ് സ്റ്റാർ റേറ്റിംഗ് മത്സരത്തിൽ കേരളത്തിൽനിന്ന് അംഗീകാരം ലഭിച്ചതു തൃശൂർ കോർപറേഷനാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ എം.കെ. വർഗീസ് പറഞ്ഞു.
ചടങ്ങുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കൗണ്‍സിലർമാരായ ഷീബ ബാബു, രാജശ്രീ ഗോപൻ, എ.ആർ. രാഹുൽനാഥ്, ശ്യാമള വേണുഗോപാൽ, സജിത ഷിബു, സുഭി സുകുമാർ, ഷീബ ജോയ്, രേഷ്മ ഹെമേജ്, പി. സുകുമാരൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, അസി.സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, കോർപറേഷൻ എൻജിനീയർ പി.ആർ. ശ്രീലത, ക്ലീൻ സിറ്റി മാനേജർ പി.വി. അജിത്ത് എന്നിവർ പ്രസംഗിച്ചു.