ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണം: ഗുരുവായൂർ ദേവസ്വം
1574989
Saturday, July 12, 2025 1:24 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ അവിൽ വഴിപാട് സമർപ്പണത്തിന് ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം അറിയിപ്പ് നൽകിയത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ലഭിക്കുന്ന അവിലിൽ ഏറെയും പഴകി പൂപ്പൽ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്പാദിച്ച തീയതിയോ, ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ, മേൽവിലാസമോ ഉണ്ടാകില്ല. ഉപയോഗശൂന്യമായ ക്വിന്റൽ കണക്കിന് അവിൽ നിർമാർജനംചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള, ഭക്ഷ്യ സുരക്ഷാചട്ടങ്ങൾ പാലിച്ച് അവിൽ സമർപ്പിക്കാൻ ഭക്തജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു. ഗുണമേന്മയുള്ള അവിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ അറിയിച്ചു.