കാട്ടാനക്കൂട്ടം അങ്കണവാടിയുടെ വൈദ്യുതവേലി തകർത്തു
1574983
Saturday, July 12, 2025 1:24 AM IST
അതിരപ്പിള്ളി: കാട്ടാനക്കൂട്ടം അങ്കണവാടികെട്ടിടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലി തകർത്തു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17 ാം ബ്ലോക്കിലെ അങ്കണ വാടിക്കുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയാണ് എണ്ണപ്പന മറിച്ചിട്ട് കാട്ടാനക്കൂട്ടം തകർത്തത്.
ഇന്നലെ പുലർച്ചെ അഞ്ച് ആനകളടങ്ങുന്ന കൂട്ടമാണ് പന തള്ളിയിട്ട് വൈദ്യുതി വേലി തകർത്തത്. അതിരാവിലെ ജോലിക്കുപോയിരുന്ന പ്ലാന്റേഷൻ തൊഴിലാളികൾ കാട്ടനാക്കൂട്ടം പന മറിച്ചിട്ട് തിന്നുന്നതുകണ്ട് ബഹളംവച്ചതോടെ നാലെണ്ണം കാടുകയറി. കൂട്ടത്തിലെ മോഴയാന പനതിന്ന് കഴിയുന്നതുവരെ അവിടെ നിലയുറപ്പിച്ചു. പിന്നീട് കൂടുതൽ ആളുകൾ എത്തിയാണ് ആനയെ ബഹളംവച്ച് തുരത്തിയത്.
കാട്ടനാക്കൂട്ടം മറിച്ചിട്ട എണ്ണപ്പന കെട്ടിടത്തിനു സമീപത്തേക്കാണു വീണത്. അതുമൂലം കെട്ടിടത്തിനു കെടുപാടുകൾ സംഭവിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഓയിൽപാം ഫീൽഡ് ഓഫീസർ കെ.എം. ജോഫിയുടെ നേ തൃത്വത്തിൽ വൈദ്യുതിവേലി പുനസ്ഥാപിച്ചു.
കുറച്ചുനാളുകൾക്കുമുന്പ്് അങ്കണവാടിക്കു സമീപമെത്തിയ കാട്ടാനയെക്കണ്ട് ഭയന്ന അങ്കണവാടി ടീച്ചറും ഹെൽപ്പറും കുട്ടികളുമായി ഇറങ്ങി ഓടിയിരുന്നു. തുടർന്നാണ് കെട്ടിടത്തിന് ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചത്.
ജനവാസമേഖലയിൽനിന്നും മാറിയാണ് അങ്കണവാടികെട്ടിടം സ്ഥിതി ചെയ്യുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലമായതിനാൽ കെട്ടിടം ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.