ഇ.ടി. ടൈസൺ എംഎൽഎ വീണ്ടും അധ്യാപകനായി
1575835
Tuesday, July 15, 2025 2:03 AM IST
കയ്പമംഗലം: മയക്കുമരുന്ന് മാഫിയകൾക്കു താക്കീതായി കയ്പമംഗലം മണ്ഡലത്തിൽ മയക്കുമരുന്നുകൾക്കെതിരേ കുട്ടികളെയാകെ അണിനിരത്തുന്ന ജനകീയ കാമ്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി മതിലകം സെന്റ്് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബോധവത്്കരണപരിപാടിയിലാണ് എംഎൽഎ അധ്യാപകനായത്.
സ്കൂളിലെ എട്ട്,ഒന്പത്, 10 എന്നീ ക്ലാസുകളിലെ അധ്യാപകർ, എഴുത്തുകാർ, വിദ്യാഭ്യാസ-ആരോഗ്യപ്രവർത്തകർ, എക്സൈസ് ഉദ്യോഗസ്ഥർ, വ്ലോഗർമാർ, ഡിഇഒ, എഇഒ, ബിപിസിമാർ തുടങ്ങിയ മേഖലകളിലെ തെരഞ്ഞെടുത്ത 51 പേരാണ് മതിലകം സെന്റ്് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്നത്.
പൊതുസ്വീകാര്യനായ എംഎൽഎ അടക്കമുള്ള പുതിയ അധ്യാപകരെ തങ്ങളുടെ ക്ലാസ്മുറികളിൽ ലഭ്യമായപ്പോൾ കുട്ടികൾ വാചാലരായി. അവർ തങ്ങളുടെ സംശയങ്ങളും, ആശങ്കകളും ക്ലാസിലെത്തിയ റിസോഴ്സ്പേഴ്സൺമാരുമായി പങ്കുവച്ചു. തുടർന്നും കുട്ടികൾക്ക് ഈ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി മണ്ഡലം സമിതി ഒപ്പമുണ്ടാവുമെന്നും ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങളും കൗൺസലിംഗും നിരന്തരം ലഭ്യമാകുമെന്നും മണ്ഡലം സമിതിയുടെ ചെയർമാനുമായ എംഎൽഎ പറഞ്ഞു.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സീനത്ത് ബഷീർ, ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിഡന്റ് ടി.കെ. മീരാഭായി, അധ്യാപക അവാർഡ് ജേതാക്കളായ കെ.കെ. ഹരീഷ് കുമാർ, വി.കെ. മുജീബ് റഹ്മാൻ, എ.കെ. മൊയ്തീൻ, വ്ലോഗർ മൊനി ഷെബീർ, എഴുത്തുകാരായ ആദിത്യൻ കാതിക്കോട്, ഹവ്വ , അഫ്നാസ്, മാനേജർ ഫാ. ഷൈജൻ കളത്തിൽ, എക്സൈസ് സിഐ ബാല സുബ്രഹ്മണ്യൻ, എംഇഎസ് അസ്മാബി കോളജിലെ സൈക്കോളജി വിഭാഗം തലവൻ ലത്തീഫ് ചേനത്ത്, സ്വരക്ഷ കൺവീനർ പി.ആർ. ശ്രീധർ, ഇ.ആർ. രേഖ എന്നിവർ വിവിധ ക്ലാസ് മുറികളിൽ ക്ലാസുകൾ നയിച്ചു.
കോ-ഓർഡിനേറ്റർ ടി. എസ്. സജീവൻ, ഹെഡ്മാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലാസുകൾക്ക് ശേഷം കുട്ടികൾ മൈതാനിയിൽ "സേ നോ ടു ഡ്രഗ്സ്' എന്ന ഇംഗ്ലീഷ് അക്ഷരരൂപത്തിൽ അണിനിരന്ന് മയക്ക്മരുന്നുവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ശിൽപി ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഈ അക്ഷര ശിൽപം അതീവ മനോഹരവും ഹൃദ്യവുമായി മാറി. 200 അടി നീളവും 15 അടി വീതിയിലും അക്ഷര ശില്പത്തിൽ ആയിരത്തോളം കുട്ടികളാണ് പങ്കാളികളായത്.