കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷബഹളം
1575833
Tuesday, July 15, 2025 2:03 AM IST
കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ ബഹളം. നഗരസഭ ചെയർപേഴ്സനെ തടഞ്ഞു. വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തതായും പരാതി. ചെയർപേഴ്സൺ ഉൾപ്പെടെ ഭരണപക്ഷത്തെ മൂന്ന് വനിതാ കൗൺസിലർമാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷം ചേർന്ന നഗരസഭാ യോഗത്തിനിടെയാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. വാർഷികപദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തച്ചൊല്ലി പ്രതിപക്ഷത്തെ ബിജെപി കൗൺസിലർമാർ പ്രതിഷേധമുയർത്തുകയായിരുന്നു. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിലേക്കുമാത്രമാണ് ഫണ്ട് അനുവദിക്കുന്നത് എന്നായിരുന്നു ബിജെപി കൗൺസിലർമാരുടെ ആരോപണം. ബഹളത്തിനിടെ അജൻഡകൾ പാസായതായി അറിയിച്ചു.
ചെയർപേഴ്സൺ ടി.കെ. ഗീത തന്റെ ഓഫീസിലേക്കു മടങ്ങി. തുടർന്ന് ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ ഓഫീസിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാരെ മറികടന്ന് പുറത്തുപോകാൻ ശ്രമിച്ച തന്നെയും കൗൺസിലർ അലീമ റഷീദിനെയും കെ.എ. വത്സലയെയും ബിജെപി കൗൺസിലർമാർ കയ്യേറ്റം ചെയ്തതായി ചെയർപേസൺ ടി.കെ. ഗീത ആരോപിച്ചു.
എന്നാൽ വാർഷിക പദ്ധതി ഭേദഗതിയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളെ പൂർണമായും അവഗണിച്ചതായും ഇതിനെ ചോദ്യം ചെയ്തപ്പോൾ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ട് ഇറങ്ങി പോവുകയും ആയിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതിപക്ഷ വനിത കൗൺസിലർമാരെ ഭരണപക്ഷ കൗൺസിലർ മർദിച്ചതായും പ്രതിപക്ഷ നേതാവ് ടി.എസ്. സജീവനും ആരോപിച്ചു.