ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടിപറയണമെന്നു പ്രതിപക്ഷം
1575395
Sunday, July 13, 2025 8:22 AM IST
ഇരിങ്ങാലക്കുട: നഗരസഭ മൈതാനം അലങ്കോലമാക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നീ വിഷയങ്ങളില്‍ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നു പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനം. നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ നിശ്ചിത അജണ്ടകള്‍ക്ക് മുമ്പേ സിപിഐ അംഗം മാര്ട്ടിന് ആലേങ്ങാടനാണ് നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെ തുറന്നടിച്ചത്.
മാലിന്യക്കുഴികള്‍ കുത്തി മൈതാനം അലങ്കോലമാക്കിയതിന് ചെയര്‍പേഴ്സണും സെക്രട്ടറിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. മൈതാനത്ത് വണ്ടി ഇറക്കിയതിന്റെ പേരില്‍ കെ.എല്‍ 45 പരിപാടിയുടെ സംഘാടകരില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ നഗരസഭ, ഞാറ്റുവേലയുടെ പേരില്‍ മൈതാനം താറുമാറാക്കിയെന്നും ഇ ടോയ്ലറ്റ് വയ്ക്കാനുള്ള സ്ഥലമല്ല മൈതാനമെന്നും റോഡുകള്‍ തകര്‍ന്നു കിടക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ബിജെപി അംഗം സന്തോഷ് ബോബന് പറഞ്ഞു.
ഇരിങ്ങാലക്കുടയുടെ സ്വകാര്യ അഹങ്കാരമായ ഒരു കളിസ്ഥലം കുത്തി നശിപ്പിച്ചതിനെ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ മുതല്‍ രാത്രി 12 മണി വരെ കായിക വിനോദങ്ങള്‍ക്കും നടത്തതിനുമായി മൈതാനത്തെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കുകയാണ് നഗരസഭ ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ടു. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ തകര്‍ന്ന് കിടക്കുന്ന റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ യോഗം വീണ്ടും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.