യുവാവിനെ ആക്രമിച്ച് മൊബൈൽ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരേ കേസ്
1575838
Tuesday, July 15, 2025 2:03 AM IST
കയ്പമംഗലം: മൂന്നുപീടിക സെന്ററിൽ ബസ് കാത്ത് നിന്ന യുവാവിനെ ആക്രമിച്ച് മൊബൈൽ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കയ്പമംഗലം പോലീസ് കേസെടുത്തു.
ചാവക്കാട് തിരുവത്ര സ്വദേശികളായ നികേഷ്, നിസാമുദ്ദീൻ, മുർഷാദ് എന്നിവർക്കെതിരെയാണ് പോലീസ് പിടിച്ചുപറി, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
കയ്പമംഗലം ചളിങ്ങാട് സ്വദേശി പുത്തേഴത്ത് വീട്ടിൽ ശാഹുൽ ഹമീദിന്റെ മകൻ സാഹിൽ (19) ആണ് അക്രമത്തിനിരയായത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എറണാകുളത്ത് പഠന സ്ഥലത്തേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു സാഹിൽ. ബൈക്കിൽ വന്ന മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത്.
ഇരുമ്പ് കമ്പികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോണും എയർ പോഡും പിടിച്ച് വാങ്ങി കടന്നുകളയുകയും ചെയ്തു.
ബഹളം കേട്ട് സെന്ററിലെ ഒട്ടോഡ്രൈവർമാർ പോലീസിനെ വിളിച്ചപ്പോഴേക്കും ഇവർ ബൈക്കുമായി കടന്നുകളഞ്ഞു. പോലീസ് ഇവരെ പിന്തുടർന്ന് പിന്നാലെ കൂടി. ഇതിനിടെ കൊടുങ്ങല്ലൂർ വടക്കേ നടയിലെത്തിയ യുവാക്കളുടെ ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽപെടുകയും ചെയ്തു. സാരമായി പരിക്കേറ്റ മൂന്നുപേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചാവക്കാട് തിരുവത്ര സ്വദേശികളായ നികേഷ്, നിസാമുദ്ദീൻ, മുർഷാദ് എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇവർ മൂന്നുപേരും ആശുപത്രിയിൽ പോലീസ് വലയത്തിലാണ്.