സിപിഐ ജില്ലാപ്രതിനിധി സമ്മേളനം തുടങ്ങി
1574982
Saturday, July 12, 2025 1:24 AM IST
ഇരിങ്ങാലക്കുട: ഒന്നാംവട്ടവും രണ്ടാംവട്ടവും ഭരിച്ച എല്‍ഡിഎഫ്തന്നെ മൂന്നാംവട്ടവും അധികാരത്തില്‍ വരട്ടെ എന്നാണു ജനങ്ങള്‍ പറയുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഈ തീരുമാനത്തെ മാറ്റാനാണു യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്തുതലതിരിഞ്ഞ പ്രവൃത്തികളും അവര്‍ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂര്‍ മോഡല്‍ സംഖ്യത്തിന്റെ തഴമ്പാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയില്‍. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേര്‍ത്തുകൊണ്ട് ആ പഴയസംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോണ്‍ഗ്രസും യുഡിഎഫും. എല്ലാ അടവും പയറ്റിയാലും കോണ്‍ഗ്രസിന്റെ നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ സംസ്ഥാന എക്സി. അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി. അംഗം കെ.ജി. ശിവാനന്ദന് അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു.
കെ.വി. വസന്തകുമാര്‍ ചെയര്‍മാനും കെ.എസ്. ജയ, ഇ.ടി. ടൈസണ്‍മാസ്റ്റര്‍, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷെബീര്‍ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ടി.കെ. സുധീഷ് കണ്‍വീനറായ പ്രമേയകമ്മിറ്റിയും ടി. പ്രദീപ്കുമാര്‍ കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പില്‍ കണ്‍വീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.