തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ഇന്ന്
1535265
Saturday, March 22, 2025 1:00 AM IST
തൃശൂർ: പൂരത്തോടനുബന്ധിച്ചുള്ള തേക്കിൻകാട് മൈതാനിയിലെ തൃശൂർ പൂരം പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകീട്ട് 5.30നു കേന്ദ്രമന്ത്രി സുരേഷ്ഗോപിയും മന്ത്രി കെ. രാജനും ചേർന്നു നിർവഹിക്കും.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി എം. രവികുമാർ, പാറമേക്കാവ് - തിരുവന്പാടി ദേവസ്വം ഭാരവാഹികൾ, കോർപറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.
180ൽപ്പരം സ്റ്റാളുകളും എഴുപതിലധികം പവലിയനുകളുമാണ് ഈ വർഷം പ്രദർശനനഗരിയിൽ സജ്ജമാക്കിയിരിക്കുന്നത്. ഐഎസ്ആർഒ, ബിഎസ്എൻഎൽ, ഇൻഫർമേഷൻ ബ്യൂറോ, കേരള പോലീസ്, എക്സൈസ് വകുപ്പ്, എൻസിസി, ഹോമിയോ വകുപ്പ്, ഭാരതീയ ചികിത്സാവകുപ്പ്, ജില്ലാ പഞ്ചായത്ത്, കാർഷികസർവകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ, ഗുരുവായൂർ ദേവസ്വം, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തുടങ്ങിയവ ഇക്കൊല്ലവും പവലിയനുകൾ ഒരുക്കുന്നുണ്ട്.
തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളുകളും പ്രദർശനനഗരിയിലുണ്ടാകും. റോബോട്ടിക്സ് അനിമൽസിന്റെ പ്രദർശനവും സൂപ്പർ റിയാലിറ്റി 5ഡി ഡോം തിയേറ്ററും ഇത്തവണത്തെ പ്രത്യേക ആകർഷണങ്ങളാണ്. നിരവധി സ്വകാര്യസ്ഥാപനങ്ങളുടെ പവലിയനുകളുമുണ്ട്. വ്യാപാര സ്റ്റാളുകൾ അഖിലേന്ത്യാ പ്രാതിനിധ്യമുള്ളവയാണ്. കുട്ടികൾക്കുവേണ്ടി വിനോദോപാധികളുടെ വിപുലമായ സംവിധാനവും ഒരുക്കുന്നുണ്ട്.മേയ് അവസാനത്തോടെയാണു സമാപനം.
പൊടിശല്യം ഒഴിവാക്കാൻ സ്റ്റാളുകളും സന്ദർശകവഴികളും പ്ലാറ്റ്ഫോമടിച്ച് കാർപറ്റ് വിരിച്ചിട്ടുണ്ട്. ദിവസവും ഓഡിറ്റോറിയത്തിൽ കലാസന്ധ്യ അരങ്ങേറും. സാധാരണ ദിവസങ്ങളിൽ പ്രവേശനടിക്കറ്റിന് ജിഎസ്ടി ഉൾപ്പടെ 40 രൂപയും പൂരത്തിന്റെ തലേന്നും പിറ്റേന്നുമടക്കം മൂന്നു ദിവസം ജിഎസ്ടി ഉൾപ്പടെ 50 രൂപയുമാണു ടിക്കറ്റിന്.
പത്രസമ്മേളനത്തിൽ പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ ഡോ. എം. ബാലഗോപാൽ, പി. പ്രകാശ്, എം. രവികുമാർ, ഉണ്ണികൃഷ്ണൻ മങ്ങാട്ട് എന്നിവർ പങ്കെടുത്തു.