റേഷൻ ഡീലേഴ്സ് സപ്ലൈ ഓഫീസ് മാർച്ചും ധർണയും നടത്തി
1508860
Tuesday, January 28, 2025 1:47 AM IST
കൊടുങ്ങല്ലൂർ: റേഷൻ റീട്ടെയിൽ ഡീലേഴ്സ് സംയുക്ത സമരസമിതി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
റേഷൻ കടക്കാരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നേടിയെടുക്കാനായി സംഘടനകൾ ഒറ്റതിരിഞ്ഞും കൂട്ടായും പല നിവേദനങ്ങൾ കൊടുത്തിട്ടും അനേകം സമരങ്ങൾ നടത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഗവൺമെന്റിനെതിരെ റേഷൻ വ്യാപാരികൾ സംയുക്ത സമരസമിതിയുടെ കീഴിൽ അണിനിരന്നു.
വേതനപാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ടഡ് പേമന്റ്് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, റേഷൻ വ്യാപാരികളുടെ മാസവേതനം അതാതുമാസം ലഭ്യമാക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി അനിശ്ചിതകാല കടയടപ്പുസമരം ഇന്നലെ മുതൽ ആരംഭിച്ചു.
സമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്കിലെ മുഴുവൻ കടകളും അനിശ്ചിതകാല കടയടപ്പ് സമരത്തിൽ പങ്കാളികളായിക്കൊണ്ട് വ്യാപാരികളും സെയിൽസ്മാൻമാരും ചന്ദ്രികാ കോംപ്ലക്സിനുമുന്നിൽ ഒത്തുകൂടുകയും സിവിൽ സ്റ്റേഷനിലേക്ക് വിളംബര ജാഥ നടത്തുകയും താലൂക്ക് സപ്ലൈ ഓഫീസിനുമുന്നിൽ ധർണ നടത്തുകയും ചെയ്തു.
ധർണ സി.സി. വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോൺ അധ്യക്ഷത വഹിച്ചു. ഇ.കെ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ആൻഡ്രൂസ്, സി.പി. ഉല്ലാസ്, പി.കെ. ശിവരാമൻ, കെ.ആർ. അമ്പിളികുമാർ, പി.കെ. വത്സൻ, പി.ആർ. ശ്രീനിവാസ് ഷേണായ്, പി.എം. ഹാരിസ്, ഇ.കെ. സജീവൻ, എൻ.വി. ബിജുകുമാർ, കെ.കെ. അബ്ദുൾ നാസർ, കെ.പി. സുമേഷ്, എം.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.എ. ആന്റണി സ്വാഗതവും മിനി തങ്കപ്പൻ നന്ദിയും പറഞ്ഞു.