വിയ്യൂർ സെൻട്രൽ ജയിലിൽ മാതൃകാ ചാറ്റ് റൂം; തടവുകാരെ സന്ദർശിച്ച് സംസാരിക്കാം
1508671
Sunday, January 26, 2025 7:43 AM IST
വിയ്യൂർ: സെൻട്രൽ ജയിലിൽ തടവുകാരെ സന്ദർശിച്ച് സംസാരിക്കാനായി കേരളത്തിലെ രണ്ടാമത്തെ മാതൃകാ ചാറ്റ് റൂം തുറന്നുനൽകി. 37.5 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് "ഇ മുലാക്കാത്ത്' എന്ന പേരിലുള്ള മുറി നിർമിച്ചത്. ക്യൂബിക്കിളുകളും മറ്റു ചില്ലറ പണികളും തടവുകാരെ ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്.
ചാറ്റ് റൂം, കൂടിക്കാഴ്ച, മുലാക്കാത്ത് എന്നിങ്ങനെ ത്രിഭാഷയിലാണ് പുതിയ സംവിധാനത്തിനു പേരു നൽകിയിരിക്കുന്നത്. ഒരേസമയം അഞ്ചുപേർക്കു സംസാരിക്കാം. തടവുകാരനും സന്ദർശകരും ഇരുന്നാണ് സംസാരിക്കുന്നത്. മറ്റുള്ളവരുടെ സംസാരം ശല്യപ്പെടില്ല. കൂടുതൽ സന്ദർശകർ വന്നാൽ ഫോണിലെ സ്പീക്കർസംവിധാനം ഉപയോഗിക്കാം.
നിലവിലെ സംവിധാനം കന്പിവലയ്ക്കിരുവശവുംനിന്നാണ് നടക്കുന്നത്. പുതിയ സംവിധാനം നടപ്പായതോടെ കന്പിവലയ്ക്കിടയിലൂടെ നിരോധിതവസ്തുക്കൾ കൈമാറുന്നതും തടയാൻ കഴിയും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഗ്ലാസ് ഭിത്തിക്ക് ഇരുപുറവുംനിന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജയിൽ അഡ്വൈസറി ബോർഡ് യോഗത്തിനുശേഷം നടന്ന ചടങ്ങിൽ ബോർഡ് ചെയർമാനും ജയിൽ വകുപ്പ് മേധാവിയുമായ ബൽറാം കുമാർ ഉപാധ്യായ ഓണ്‍ലൈനായി പങ്കെടുത്തു. അഡൈസ്വറി അംഗങ്ങളായ ജില്ലാ ജഡ്ജി പി.പി. സെയ്തലവി, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ജില്ലാ പ്രബേഷൻ ഓഫീസർ എസ്. ഗിഫ്റ്റ്സണ്രാജ്, അനൗദ്യോഗിക അംഗം കെ. രവീന്ദ്രൻ, ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
നിലവിൽ "ഇ മുലാക്കാത്ത്' എന്ന പേരിൽ ഓണ്‍ലൈൻ സംവിധാനത്തിലും ബന്ധുക്കൾക്കു തടവുകാരുമായും സംസാരിക്കാം. തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രമായിരുന്നു ഈ സേവനം നേരത്തേ ഉണ്ടായിരുന്നത്.