ദേവാലയങ്ങളിൽ തിരുനാൾ
1509121
Wednesday, January 29, 2025 2:05 AM IST
വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ്
വാടാനപ്പള്ളി: സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 127ാം തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്നലെ വൈകിട്ട് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടന്നു. തുടര്‍ന്ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ വാടാനപ്പള്ളി എസ്എച്ച്ഒ ബി.എസ്. ബിനു നിര്‍വഹിച്ചു. ഇന്നു രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. തിരുകര്‍മങ്ങള്‍ക്ക് ഇടവകാംഗം ഫാ. ജോയ് മാളിയേക്കല്‍ കാര്‍മികനാകും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 9.30ന് അമ്പുകള്‍ പള്ളിയിലേക്കു പ്രവേശിക്കും. തുടര്‍ന്ന് മെഗാ ബാന്‍ഡ് വാദ്യവും വര്‍ണമഴയും.
തിരുനാള്‍ദിനമായ നാളെ രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍കുര്‍ബാന. നവവൈദികന് ഫാ. ക്ലിന്റ് പാണേങ്ങാടന് മുഖ്യകാര്‍മ്മികത്വം വഹിക്കും. നവവൈദികന് ഫാ. ലിന്സണ് അക്കരപ്പറമ്പില്‍ സന്ദേശം നല്‍കും. വികാരി ഫാ. ഏബിള്‍ ചിറമ്മല്‍ സഹകാര്‍മ്മികനാവും. വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവകാംഗം ഫാ. ഡോ. സേവിയര്‍ ക്രിസ്റ്റി നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും രാത്രി ഏഴിന് ഗാനമേളയും നടക്കും. ട്രസ്റ്റിമാരായ എന്‍.ഡി. ജെയിംസ്, കെ.കെ. പോള്‍, സി.എ. സോളമന്, ജനറല്‍ കണ്‍വീനര്‍ കെ.എഫ്. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
എടക്കളത്തൂര്‍ സെന്റ് മേരീസ്
എടക്കളത്തൂര്‍: സെന്റ് മേരിസ് ദേവാലയത്തില്‍ തിരുനാളിനു തുടക്കമായി. ഇന്നു രാവിലെ 6.30നുള്ള ദിവ്യബലിക്കും ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം രൂപം എഴുന്നള്ളിപ്പ്, അമ്പ് വെഞ്ചിരിച്ച് കൊടുത്തുവിടല്‍, വൈകുന്നേരം അമ്പ് സമാപനം. തിരുനാള്‍ദിനമായ നാളെ രാവിലെ 6:30നും 10നും വൈകിട്ട് നാലിനും വിശുദ്ധ കുര്‍ബാന.
10 മണിക്കുള്ള ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ആല്വിന് പാട്ട്യേക്കല് മുഖ്യകാര്‍മികനാകും. ഫാ. ബെര്‍ലിന്‍ ഇഞ്ചക്ക പാലാട്ടി തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് നാലിനുള്ള കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് ഗാനമേളയും ഉണ്ടാകും. 31നു രാവിലെ 6:30ന് ഇടവകയിലെ മരിച്ചുപോയവര്ക്കുള്ള അനുസ്മരണബലിയും പൊതു ഒപ്പീസും. ഇടവക വികാരി ഫാ. ജോണ്‍ അയ്യങ്കാനിയില്, ജനറല്‍ കണ്‍വീനര്‍ സി.ആര്. പൊറിഞ്ചു, കൈക്കാരന്മാരായ എം.എസ്. ലിംസണ്‍, നിതിന്‍ വില്‍സണ്‍, മറ്റു കണ്‍വീനര്‍മാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കും.
ആറ്റുപുറം സെന്റ് ആന്റണീസ്
പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു. തിരുനാളിന്റെ ഭാഗമായി ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെയും 50 വര്‍ഷം പിന്നിട്ട ദമ്പതികളെയും ആദരിച്ചു. കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സംഗമം വികാരി ഫാ. ഡെന്നീസ് മാറോക്കി ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി കണ്‍വീനര്‍ കെ.ജെ. ജീജോ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി കെ.ടി. സൈമണ്‍, കേന്ദ്രസമിതി ഭാരവാഹികളായ എം.വി. ജോസ്, ഷെറിന് മേലിട്ട് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന എല്ലാവര്ക്കും ഉപഹാരവും, സ്നേഹവിരുന്നും നല്കി. തിരുനാള്‍ ആഘോഷങ്ങള്‍ക്കു ട്രസ്റ്റിമാര്‍ നേതൃത്വംനല്കി.