കാട്ടുപന്നിശല്യം രൂക്ഷം; നാട്ടുകാര്‍ ആശങ്കയില്‍
1509135
Wednesday, January 29, 2025 2:05 AM IST
എടതിരിഞ്ഞി: പടിയൂര്‍ പഞ്ചായത്തില്‍ ജനവാസമേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം. കൂട്ടമായി എത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
ജനവാസമേഖലയില്‍ പന്നിക്കൂട്ടത്തെ കണ്ടതിന്റ ആശങ്കയിലാണ് നാട്ടുകാര്‍. ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേതലയ്ക്കല്‍ നീലാംബരന്‍, തെക്കേതലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന് എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിന്‍തൈകളും കപ്പയും നശിപ്പിച്ചു. എട്ടോളം പന്നികളെ കഴിഞ്ഞ മൂന്നുദിവസമായി മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു. പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച്ഡിപി സ്കൂള്‍ പരിസരത്ത് കണ്ടിരുന്നു.
കാടുകയറിക്കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രി ഇറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ മനുഷ്യരെ ആക്രമിക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.
നേരത്തെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനംനടത്തി.
പന്നികളെ തുരത്താന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.