കോൺഗ്രസ് നേതൃത്വത്തിനെതിരേ തൃശൂരിൽ വീണ്ടും പോസ്റ്റർ
1509130
Wednesday, January 29, 2025 2:05 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തൃശൂരിൽ വീണ്ടും പോസ്റ്റർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ തോൽവിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പോസ്റ്ററുകൾ.
കഴിഞ്ഞദിവസം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിനു പിന്നാലെ എ ഗ്രൂപ്പ് യോഗം ചേർന്ന് ഡിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തതിൽ അമർഷം രേഖപ്പെടുത്തിയിരുന്നു. വേഗത്തിൽ തീരുമാനമെടുക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് ആവശ്യവുമുന്നയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു ജോണ്‍ ഡാനിയൽ, സി.ഒ. ജേക്കബ് എന്നിവരുടെ പേരുകളും നിർദേശിച്ചു. പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. ജാക്സണ്, ജോണ്‍ ഡാനിയേൽ, സി.ഒ. ജേക്കബ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. വി.കെ. ശ്രീകണ്ഠൻ എംപി ഒഴിയാനുള്ള സന്നദ്ധതയറിയിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും പുതിയയാളെ കണ്ടെ ത്താത്തതിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിലും എ ഗ്രൂപ്പ് ഈ വിഷയം ഉന്നയിച്ചു.
ഇതിനുശേഷമായിരുന്നു ഗ്രൂപ്പ് യോഗം. ബ്ലോക്ക് ഭാരവാഹികളടക്കം നിശ്ചയിക്കപ്പെട്ടപ്പോൾ ഗ്രൂപ്പിനു വലിയ തിരിച്ചടി നേരിട്ടതായാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പരമാവധി പ്രാതിനിധ്യം നേടിയെടുക്കാനുള്ള പദ്ധതികളാണ് യോഗം ആവിഷ്കരിച്ചത്. ഡിസിസി പ്രസിഡന്റ് നിയമനം വേഗം നടത്തണമെന്ന ആവശ്യം പാർട്ടിയുടെയും ഗ്രൂപ്പിന്റെയും സംസ്ഥാനനേതൃത്വത്തിനു മുന്നിലും രേഖാമൂലം ഉന്നയിക്കും. പുതിയ നീക്കങ്ങളോടെ കോണ്‍ഗ്രസിൽ ചേരിതിരിവു ശക്തമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.