തെക്കുംകര ചെപ്പാറ ടെക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ബ്രേക്കിട്ട് വനം വകുപ്പ്
1508214
Saturday, January 25, 2025 1:49 AM IST
പുന്നംപറമ്പ്: തെക്കുംകര ചെപ്പാറ ടെക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ബ്രേക്കിട്ട് വനം വകുപ്പ്. നിർമാണം സംരക്ഷിത വനഭൂമിയിൽ ആണെന്ന് കാട്ടി ഉന്നത അധികാരികളായ ജില്ലാ കളക്ടർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും രേഖാമൂലം കത്ത് നൽകി മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ. തെക്കുംകര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടുമാട്ടിലിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഒരുകോടി രൂപ ചെലവഴിച്ച തെക്കുംകര ചെപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തോട് ചേർന്ന് നിർമിക്കുന്ന ടെക്ക് എ ബ്രേക്ക് പദ്ധതിക്കാണ് വീണ്ടും കുരുക്ക് വീണിരിക്കുന്നത്.ടേക്ക് എ ബ്രേക്ക് പദ്ധതി വനഭൂമിയിലാണ് എന്ന് വ്യക്തമാക്കി ഡി ഒഫ്ഒയും, മച്ചാട് ഫോറസ്റ്റ് റൈയ്ഞ്ച് ഓഫീസറും ഉന്നത അധികാരികളായ തൃശ്ശൂർ ജില്ലാ കലക്ടർ, ഡെപ്യൂട്ടി കളക്ടർ , പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് രേഖാമൂലം കത്ത് നൽകി. സംരക്ഷിത വനഭൂമി കൈയ്യേറി നിർമിക്കുന്ന കെട്ടിടത്തിന്റെ നിലവിലെ സ്റ്റോപ്പ് മെമ്മൊ പിൻവലിക്കില്ലന്നും. സ്റ്റോപ്പ് മെമ്മൊനിലനിൽക്കുന്ന സാഹചര്യത്തിൽ ഇതുമായി തുടർ പ്രവർത്തനങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടി എടുക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.