ചാവക്കാട് നഗരസഭയുടെ റോഡ് ടാറിംഗ് നടത്തി ഗുരുവായൂർ നഗരസഭ
1508213
Saturday, January 25, 2025 1:49 AM IST
ഗുരുവായൂർ: ചാവക്കാട് നഗരസഭ എട്ടാം വാർഡിലെ പൊട്ടിപൊളിഞ്ഞ് കിടന്നിരുന്ന റോഡ് ഗുരുവായൂർ നഗരസഭയുടേതെന്ന് കരുതി ടാറിംഗ് നടത്തി ഗുരുവായൂർ നഗരസഭ. ഗുരുവായൂർ നഗരസഭ 38 -ാം വാർഡിലെ നവ്യ നഗർ റോഡിനോട് ചേർന്ന് കിടക്കുന്ന ചാവക്കാട് നഗരസഭ എട്ടാം വാർഡിലെ താമരയൂർ സ്കൂൾ പുനർജനി റോഡാണ് ഗുരുവായൂർ നഗരസഭയിലെ റോഡെന്ന് കരുതി ടാറിംഗ് നടത്തിയത്.220 മീറ്റർ ടാറിംഗ് നടത്തിയതിൽ 70 മീറ്ററാണ് ഗുരുവായൂർ നഗരസഭയുടെ റോഡ് ചെയ്തത്.ബാക്കി 150മീറ്റർ ചാവക്കാട് നഗരസഭയിലെ റോഡും ടാറിംഗ് പൂർത്തിയാക്കി.
ചാവക്കാട് നഗരസഭയുടെ റോഡാണിതെന്ന് അറിയാതെയാണ് ഗുരുവായൂർ നഗരസഭയിലെ കരാറുകാരൻ പണി പൂർത്തീകരിച്ചത്.
ഗുരുവായൂർ നഗരസഭയുടെ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷത്തോളം ചിലവഴിച്ചാണ് പണി നടത്തിയത്. ജനപ്രതിനിധികളാണ് ടാറിംഗിനുള്ള റോഡുകളുടെ അതിർത്തി കാണിച്ച് കൊടുക്കാറുള്ളത്.
റോഡ് തെറ്റി ടാർ ചെയ്തതുമായി ബന്ധപെട്ട് നടഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ആവശ്യപ്പെട്ടു.