രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്
1508851
Tuesday, January 28, 2025 1:47 AM IST
തൃശൂർ: രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേര്‍തിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍നടന്ന ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങളായ നാം എന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ഇന്ത്യയെന്ന ബഹുസ്വരതയാണ് ഭരണഘടനാ ശില്പികള് അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള മതവിശ്വാസങ്ങളില്‍ ജീവിക്കാമെന്നു പറയുമ്പോള്‍ തന്നെ, ഈ രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്ന് പറയാനും അവര്‍ ആര്‍ജവം കാട്ടി. ആറ്റിക്കുറുക്കി ഊതിക്കാച്ചി സംവിധാനംചെയ്തെടുത്ത നമ്മുടെ പവിത്രമായ ഭരണഘടനയെ അംഗീകരിക്കാനും ആദരിക്കാനും, ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാനും ഭരണഘടനാ മൂല്യങ്ങളുടെ കാവലാളാകാനും ഓരോ ഭാരതീയര്‍ക്കും ചുമതലയുണ്ട്. നമ്മുടെ അനിവാര്യമായ ഉത്തരവാദിത്തമാണ് അതെന്നും മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രന് എംഎല്‍എ, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ പോലീസ് മേധാവി (സിറ്റി) ആര്. ഇളങ്കോ, ജില്ലാ പോലീസ് മേധാവി (റൂറല്‍) ബി. കൃഷ്ണകുമാര്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന് എന്നിവര്‍ പങ്കെടുത്തു.