മണത്തല നേർച്ച: താബൂത്ത് എഴുന്നള്ളിപ്പ് ഭക്തിനിർഭരം
1509129
Wednesday, January 29, 2025 2:05 AM IST
ചാവക്കാട്: ധീര പടനായകൻ മർഹും ഹൈദ്രോസ്കുട്ടി മൂപ്പരുടെ വീരസ്മരണ പുതുക്കുന്ന മണത്തല ചന്ദനക്കുടം നേർച്ചയിലെ പ്രധാന ചടങ്ങായ താബൂത്ത് കൂട് എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. ഇന്നലെ രാവിലെ തെക്കഞ്ചേരിയിൽനിന്നാരംഭിച്ച താബൂത്ത് കാഴ്ചയ്ക്ക് ദഫ്മുട്ട്, അറവനമുട്ട്, മുട്ടുംവിളി തുടങ്ങി വിവിധ വാദ്യമേളങ്ങളും ആനകളും അകമ്പടിയായി. പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ടും പനിനീർജലം തെളിച്ചും സാമ്പ്രാണിയും ചന്ദനത്തിരിയും കത്തിച്ചതിന്റെ സുഗന്ധത്തിൽ ടൗണിലേക്ക് പ്രവേശിച്ച താബൂത്തിനെ വണങ്ങാനും ദർശിക്കാനുമായി തെരുവീഥികളിലും കെട്ടിടത്തിന്റെ മുകളിലുമായി ആയിരങ്ങൾ എത്തിയിരുന്നു.
ടിപ്പു പടയുമായി ഏറ്റുമുട്ടി എടപ്പുള്ളിയിൽവച്ച് വീരചരമം പ്രാപിച്ച പടനായകൻ നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഭൗതിക ശരീരം സാമൂതിരി രാജാവിന്റെ നേതൃത്വത്തിൽ രാജകീയ ബഹുമതികളോടെ എടപ്പുള്ളിയിൽനിന്ന് മണത്തലയിൽകൊണ്ടുവന്ന് കബറടക്കിയതിന്റെ ഓർമപുതുക്കലാണ് താബൂത്ത് കൂട് എഴുന്നള്ളിപ്പ്.
താബൂത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് മണത്തലയിൽ എത്തി ജാറത്തിൽ സമർപ്പിച്ചു. തുടർന്ന് മൂന്നിടത്തുനിന്നായി എത്തിയ കൊടിയേറ്റക്കാഴ്ച പള്ളിയിൽ എത്തി കൊടിയേറ്റം നിർവഹിച്ചു. പാരമ്പര്യ ആചാരപ്രകാരം ഹിന്ദുസംസ്കാര വിശ്വാസികളായ കുടുംബക്കാർ പള്ളിമുറ്റത്തെ താണിമരത്തിൽ പാമ്പിനു മുട്ടയും പാലും വെയ്ക്കുന്ന ചടങ്ങ് നിർവഹിച്ചു. നൂറ്റാണ്ടുകളായി ഒരു കുടുംബത്തിൽപ്പെട്ടവരാണ് തലമുറകളായി ഇതു നിർവഹിക്കുന്നത്.
ചടങ്ങുകഴിഞ്ഞപ്പോൾ പള്ളി ക്കമ്മിറ്റി കുടുംബക്കാർക്ക് പുടവ നൽകി ആദരിച്ചു. വൈകിട്ട് നാട്ടുകാഴ്ചകൾ എത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. രാത്രിയും പുലർച്ചയുമായി വിവിധ സംഘടനകളുടെ പ്രമുഖ കാഴ്ചകൾ പള്ളിയിൽ എത്തി. ഇന്നു പുലർച്ചെ എത്തുന്ന കാഴ്ചകളോടെ നേർച്ച സമാപിക്കും.
മണത്തല മഹല്ല് കമ്മിറ്റി ഭാരവാഹികളായ പി.കെ. ഇസ്മായിൽ, ടി. കെ. മുഹമ്മദാലി ഹാജി, കെ.സി. നിഷാദ്, കെ.വി.ഷാനവാസ്, ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ, അബ്ദുൽ ലത്തീഫ് ഖൈതമി തുടങ്ങിയവർ നേതൃത്വം നൽകി.