എലിപ്പനിക്കെതിരേ ജാഗ്രത..! നിർദേശവുമായി ആരോഗ്യവകുപ്പ്
1509131
Wednesday, January 29, 2025 2:05 AM IST
തൃശൂര്‍: ജില്ലയില്‍ എലിപ്പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരേ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി.
എല,പട്ടി,പൂച്ച, കന്നു കാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്ജ്യങ്ങളുംവഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസര്ജ്യവുംവഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന വ്യക്തികള്‍ തുടങ്ങിയവരില്‍ രോഗം കൂടുതലായി കണ്ടുവരുന്നു.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയും കണ്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുക. കെട്ടിക്കിടക്കുന്ന ജലത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക, പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍.
എലിപ്പനിയുടെ ഭാഗമായി മഞ്ഞ പ്പിത്ത രോഗലക്ഷണങ്ങള്കൂടി കാണിക്കുമെന്നതിനാൽ തെറ്റിദ്ധരിച്ചു നാടന്ചികിത്സകളും മറ്റും ചെയ്യുന്നത് അപകടകരമാണ്. സ്വയംചികിത്സ ചെയ്യാതെ ഉടന്‍ ഡോക്ടറെ കണ്ടു ചികിത്സ തേടണം. പനിയോ മറ്റു രോഗലക്ഷണങ്ങളുമായോ ചികിത്സതേടുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം അറിയിക്കണം.